ഓട്ടവ: കാനഡയിലെ യുവാക്കൾ സൈന്യത്തിൽ ചേരാൻ മടിക്കുന്നുവെന്ന് സർവ്വെഫലം. 36 ശതമാനം കനേഡിയൻ യുവാക്കൾക്കും സായുധ സേനയിൽ ചേരാൻ താൽപ്പര്യമില്ല എന്നാണ് സർവ്വെയിലുള്ളത്. ആംഗസ് റീഡ് ആണ് സർവ്വെ നടത്തിയത്. നാറ്റോയുടെ പ്രതിബദ്ധത നിറവേറ്റുന്നതിനായി കാനഡ സൈനിക ചെലവ് വർദ്ധിപ്പിക്കാൻ സർക്കാർ പദ്ധതിയിടുമ്പോൾ, ഒരു സായുധ സംഘട്ടനം ഉണ്ടായാൽ, തങ്ങളുടെ രാജ്യത്തിനുവേണ്ടി പോരാടാൻ തയ്യാറാണെന്നാണ് പകുതിയോളം കനേഡിയൻ പൗരന്മാരും പറയുന്നത്.
എന്നാൽ സർവ്വെ ഫലം കാണിക്കുന്നത് മറ്റൊന്നാണ്. വോട്ടെടുപ്പ് പ്രകാരം, 49 ശതമാനം കനേഡിയൻമാരും തങ്ങളുടെ രാജ്യത്തിനുവേണ്ടി പോരാടാൻ തയ്യാറാണെന്നാണ് വ്യക്തമാക്കിയത്. 54 വയസ്സിനു മുകളിലുള്ളവരാണ് സൈന്യത്തിൽ ചേരാൻ ഏറ്റവും കൂടുതൽ താൽപര്യം പ്രകടിപ്പിച്ചത്. 18 നും 34 നും ഇടയിൽ പ്രായമുള്ളവരാണ് ഏറ്റവും പ്രായം കുറഞ്ഞ വിഭാഗത്തിലുള്ളത്. ഇവരിൽ 36 ശതമാനം പേരും സൈന്യത്തിലേക്ക് ഇല്ലെന്നാണ് വ്യക്തമാക്കിയത്. തങ്ങൾക്ക് അംഗീകരിക്കാൻ കഴിയുന്നൊരു കാരണത്തിനാണ് യുദ്ധമെങ്കിൽ പോരാടാൻ തയ്യാറാണെന്നാണ് ഈ വിഭാഗത്തിലെ 34 ശതമാനം പേർ പറഞ്ഞത്.
യുദ്ധങ്ങൾ കണ്ടു വളർന്നവരല്ല ഇപ്പോഴത്തെ യുവതലമുറയെന്ന് അഫ്ഗാൻ യുദ്ധത്തിൽ പങ്കെടുത്ത കെന്നത്ത് അസെൽറ്റെയ്ൻ പറഞ്ഞു. നമ്മൾ അഫ്ഗാനിൽ യുദ്ധം ചെയ്യുമ്പോൾ ഇപ്പോഴത്തെ യുവാക്കൾ വളരെ ചെറുപ്രായക്കാരായിരുന്നു. അതിനാൽ ഇപ്പോഴത്തെ തലമുറ യുദ്ധം ചെയ്യാൻ താല്പര്യപ്പെടാത്തതിൽ അത്ഭുതമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കനേഡിയൻ സായുധ സേനയുമായി ബന്ധപ്പെട്ട് അടുത്ത കാലത്തുണ്ടായ ലൈംഗിക ദുരുപയോഗ ആരോപണങ്ങൾ പോലുള്ള അഴിമതികളും യുവാക്കൾക്ക് സൈന്യത്തിലുള്ള താല്പര്യം കുറയാൻ ഇടയാക്കിയിട്ടുണ്ടെന്നാണ് വിലയിരുത്തൽ.