തിരുവനന്തപുരം: മൂന്നാമത്തെ ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ അറസ്റ്റ് രേഖപ്പെടുത്തി. പാലക്കാട്ടെ കെപിഎം ഹോട്ടലില്‍ നിന്നും കസ്റ്റഡിയിലെടുത്ത രാഹുലിനെ എആര്‍ ക്യാമ്പിലെത്തിച്ച് എസ്ഐടി മേധാവി ജി പൂങ്കുഴലിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തുവരികയാണ്. രാവിലെ 10 മണിയോടെ മജിസ്ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കും. ദേഹോപദ്രവം, സാമ്പത്തിക ചൂഷണം, നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രം അടക്കമുള്ള ആരോപണങ്ങളാണ് രാഹുലിനെതിരായ പരാതിയിലുള്ളത്. എന്നാല്‍ ചോദ്യം ചെയ്യലില്‍ രാഹുല്‍ എല്ലാം നിഷേധിച്ചു. ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധമാണ് യുവതിയുമായി ഉണ്ടായതെന്ന് രാഹുല്‍ ചോദ്യം ചെയ്യലില്‍ ആവര്‍ത്തിച്ചു.
അതീവരഹസ്യമായാണ് രാഹുലിനെ അര്‍ധരാത്രിയില്‍ ഹോട്ടലില്‍ എത്തി എസ്ഐടി പൂട്ടിയത്. ഇന്നലെ ഉച്ച മുതല്‍ രാഹുല്‍ പൊലീസ് നിരീക്ഷണത്തിലായിരുന്നു. പാലക്കാട് ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം പാലക്കാട് നിന്ന് പൊലീസ് സംഘമെത്തിയാണ് ഇന്ന് അര്‍ധരാത്രി 12.30 ഓടെ കസ്റ്റഡിയിലെടുത്തത്. ആദ്യം മുറിയില്‍ നിന്ന് പുറത്തിറങ്ങാന്‍ തയ്യാറാകാതിരുന്ന രാഹുല്‍ അഭിഭാഷകനെ കാണണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇത് അനുവദിച്ചുകൊടുക്കാതെ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. രാഹുലിന്റെ മൊബൈല്‍ ഫോണുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇവ തിരുവനന്തപുരത്തെ ഫോറന്‍സിക് സയന്റിഫിക് ലാബിലേക്ക് അയച്ച് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. അഞ്ച് ദിവസം മുന്‍പാണ് യുവതിയുടെ പരാതി ജി പൂങ്കുഴലിക്ക് ലഭിക്കുന്നത്. പരാതി വിശദമായി പരിശോധിച്ചശേഷം കസ്റ്റഡിയിലേക്ക് നീങ്ങുകയായിരുന്നു.
വിവാഹബന്ധത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായതോടെയാണ് യുവതി രാഹുലിനെ പരിചയപ്പെടുന്നത്. റസ്റ്ററന്റില്‍ വച്ച് കാണാമെന്ന് പറഞ്ഞെങ്കിലും ഹോട്ടല്‍ മുറിയിലെത്താന്‍ രാഹുല്‍ ആവശ്യപ്പെടുകയായിരുന്നു. മുറിയില്‍ എത്തിയപ്പോള്‍ കടന്നുപിടിക്കുകയും ബലപ്രയോഗത്തിലൂടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. കുഞ്ഞുണ്ടാകട്ടെ എന്ന് പറഞ്ഞുകൊണ്ടായിരുന്നു ലൈംഗിക പീഡനം. വിവാഹബന്ധം വേര്‍പ്പെടുത്തണമെന്നും താന്‍ വിവാഹം കഴിക്കാമെന്നും രാഹുല്‍ വാഗ്ദാനം ചെയ്തതായും യുവതി പറയുന്നു.
നേരിട്ടത് ക്രൂരമായ ലൈംഗിക ആക്രമണമെന്നാണ് പരാതിയില്‍ പറയുന്നത്. മുഖത്തടിക്കുകയും ദേഹമാകെ മുറിവുണ്ടാക്കുകയും ചെയ്തു. ഗര്‍ഭിണിയായ വിവരം അറിയിച്ചപ്പോള്‍ അസഭ്യം പറഞ്ഞു. മറ്റാരുടെയെങ്കിലും കുഞ്ഞാകുമെന്നായിരുന്നു രാഹുലിന്റെ മറുപടി. എന്നാല്‍ ഡിഎന്‍എ പരിശോധനയ്ക്കു തയാറാണെന്ന് യുവതി അറിയിച്ചെങ്കിലും രാഹുല്‍ തയാറായില്ല. എന്നാല്‍ അതിനുള്ള തെളിവുകള്‍ തന്റെ കയ്യിലുണ്ടെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. ഗര്‍ഭച്ഛിദ്രത്തിനു കടുത്ത സമ്മര്‍ദമാണ് രാഹുലിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. പിന്നീട് ഗര്‍ഭം അലസി. ഇക്കാര്യം പറയാന്‍ വിളിച്ചുവെങ്കിലും രാഹുല്‍ ബ്ലോക്ക് ചെയ്തുവെന്നും യുവതി പറയുന്നു.
പാലക്കാട് ഫ്‌ളാറ്റ് വാങ്ങിതരണമെന്നും അവിടെ ഒരുമിച്ച് ജീവിക്കാമെന്നും രാഹുല്‍ പറഞ്ഞു. എന്നാല്‍ ഫ്‌ളാറ്റ് വാങ്ങല്‍ നടന്നില്ലെന്നും യുവതി പറയുന്നു. രാഹുലിനെതിരെ മറ്റു രണ്ട് ലൈംഗിക പീഡന പരാതികള്‍ വന്നതോടെ തന്നെ ഭീഷണിപ്പെടുത്തിയെന്നും യുവതി പറയുന്നു. താനും പരാതിയുമായി മുന്നോട്ടുവരുമെന്ന് കരുതിയായിരുന്നു ഭീഷണി. മാതാപിതാക്കളെയും സഹോദരിയെയും ഇല്ലാതാക്കുമെന്നുമായിരുന്നു ഭീഷണിയെന്ന് പരാതിയില്‍ പറയുന്നു.







