അമേരിക്കയിലെ പ്രമുഖ സ്ഥാപനങ്ങളെയും വിമാനക്കമ്പനികളെയും ബാങ്കിങ് സംവിധാനങ്ങളെയും പ്രതിസന്ധിയിലാക്കിയ സാങ്കേതിക തടസ്സങ്ങൾ തുടരുകയാണ്. ചൊവ്വാഴ്ച രാത്രിയോടെ ഇന്റലിജൻസ് വിഭാഗമായ നാഷണൽ സെക്യൂരിറ്റി ഏജൻസിയിലും (NSA) ഈ തകരാർ റിപ്പോർട്ട് ചെയ്തു. എൻഎസ്എയുടെ ആഭ്യന്തര ശൃംഖലയിൽ തടസ്സം നേരിട്ടത് ആശങ്കയുണ്ടാക്കിയിട്ടുണ്ടെങ്കിലും, ഇതൊന്നും ഗൗരവമുള്ള വിഷയമല്ലെന്നാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രതികരണം. കഴിഞ്ഞ ഏഴ് ദിവസത്തിനുള്ളിൽ യുഎസ് ഐടി മേഖലയിൽ ആറ് പ്രധാന സാങ്കേതിക തകരാറുകളാണ് ഉണ്ടായത്.
സാധാരണ അറ്റകുറ്റപ്പണികൾക്കിടെ സംഭവിച്ച പിഴവാണിതെന്നും നിർണ്ണായക ദേശീയ സുരക്ഷാ പ്രവർത്തനങ്ങളെ ഇത് ബാധിച്ചിട്ടില്ലെന്നുമാണ് എൻഎസ്എ വ്യക്തമാക്കുന്നത്. സംഭവങ്ങൾ തുടർച്ചയായി ഉണ്ടാകുന്നത് ആശങ്കാജനകമാണെങ്കിലും അവ തമ്മിൽ പരസ്പര ബന്ധമില്ലെന്നും സൈബർ ആക്രമണത്തിന് തെളിവുകളൊന്നുമില്ലെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ മാർക്കോ റൂബിയോ അറിയിച്ചു. അതേസമയം, റിപ്പബ്ലിക്കൻ പാർട്ടിയിലെ സെനറ്റർ ജോഷ് ഹോലി ഉൾപ്പെടെയുള്ളവർ ഈ നിലപാടിൽ സംശയം ഉന്നയിച്ചു.
നിർമ്മിത ബുദ്ധി (AI) ഉപയോഗിച്ചുള്ള സൈബർ ആക്രമണങ്ങൾ രാജ്യത്തിന്റെ സുരക്ഷാ സംവിധാനങ്ങളെ മറികടക്കുന്ന സാഹചര്യമുണ്ടാകുന്നുണ്ടെന്ന് ചില യുഎസ് സെനറ്റർമാർ ട്രംപ് ഭരണകൂടത്തിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിനിടെ, അമേരിക്കയ്ക്ക് പുറമെ നോർവേയിലെ എണ്ണക്കമ്പനിയായ ഇക്വിനോറിനും സൈബർ ആക്രമണം നേരിടേണ്ടി വന്നു.








