ചൈനയെ ‘ഉന്നമിട്ട്’ പാക്കിസ്ഥാനിൽ സൈനിക താവളം സ്ഥാപിക്കാൻ അമേരിക്ക ഒരുങ്ങുന്നുവെന്ന ആരോപണവുമായി ഇറാൻ രംഗത്ത്. ഇറാന്റെ തുറമുഖ നഗരമായ ചബഹാറിനും പാക്കിസ്ഥാനിൽ ചൈനയുടെ നിയന്ത്രണത്തിലുള്ള ഗ്വാദർ തുറമുഖത്തിനും മധ്യേ സൈനിക താവളം സ്ഥാപിക്കാനാണ് അമേരിക്ക ശ്രമിക്കുന്നതെന്നും ഇതിന് പാക്കിസ്ഥാൻ ഒത്താശ ചെയ്യുന്നതായും ഇറാൻ പരമോന്നത നേതാവ് ഖമനേനിയുടെ ഉപദേഷ്ടാവ് അലി അക്ബർ വെലയതി ആരോപിച്ചു.
മേഖലയിൽ വ്യാപാര, വാണിജ്യ, ഊർജ മേഖലകളിൽ ചൈനയ്ക്കുള്ള ആധിപത്യത്തിന് തടയിടുകയാണ് സൈനിക താവളം ഒരുക്കുന്നതിലൂടെ അമേരിക്ക ഉന്നമിടുന്നതെന്ന ആരോപണവും അലി അക്ബർ വെലയതി ഉന്നയിച്ചു. ഇതിനായി ഇന്ത്യയ്ക്കുമേലും അമേരിക്ക സമ്മർദം ചെലുത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പാക്കിസ്ഥാനിൽ യുഎസ് സൈനികതാവളം വരുന്നത് ഇറാനും തിരിച്ചടിയാണ്.
ദക്ഷിണ ഇറാനിലെ സിസ്താൻ-ബലോചിസ്ഥാൻ പ്രവിശ്യയിലാണ് ചബഹാർ തുറമുഖം. ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള തുറമുഖമാണ് ചബഹാർ. ഇന്ത്യ വൻതോതിൽ നിക്ഷേപവും സാങ്കേതികപിന്തുണയും നൽകി നിർമിച്ച ചബഹാർ തുറമുഖത്തിന് ട്രംപ് ഭരണകൂടം അടുത്തിടെ ഉപരോധം ഏർപ്പെടുത്തിയെങ്കിലും ഇന്ത്യയുടെ സമ്മർദത്തെ തുടർന്ന് 2026ന്റെ ആദ്യംവരെ ഇളവ് അനുവദിച്ചിട്ടുണ്ട്. പാക്കിസ്ഥാനെ ആശ്രയിക്കാതെ അഫ്ഗാനിസ്ഥാൻ, ഇറാൻ, കസാക്കിസ്ഥാൻ, താജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, റഷ്യ, യൂറോപ്പ് എന്നിവിടങ്ങളിലേക്ക് നേരിട്ടുകടക്കാൻ ഇന്ത്യയ്ക്കുള്ള ‘കവാട’മാണ് ചബഹാർ.
തുറമുഖ വികസനത്തിന് 120 മില്യൻ ഡോളറിന്റെ നിക്ഷേപവും അടിസ്ഥാന സൗകര്യ പദ്ധതികൾ ഒരുക്കാൻ 250 മില്യൻ ഡോളറിന്റെ വായ്പയും ഇന്ത്യ ഉറപ്പുവരുത്തിയിട്ടുണ്ട്. 2024-25ൽ ഇന്ത്യ 100 കോടി രൂപ വായ്പയും ചബഹാറിന് അനുവദിച്ചിരുന്നു. ചബഹാറിൽ നിന്ന് ഇറാന്റെ ഹൃദയഭാഗത്തുകൂടി കടന്നുപോകുംവിധം 700 കിലോമീറ്റർ ദൈർഘ്യമുള്ള റെയിൽപ്പാതയും നിർമിക്കുന്നുണ്ട്. അതേസമയം, ചബഹാറിനും ഗ്വാദറിനും മധ്യേ, പാക്ക് ബലൂചിസ്ഥാനിലെ പാസ്നി എന്ന സ്ഥലത്ത് അമേരിക്കയ്ക്ക് സ്വന്തമായി തുറമുഖം അനുവദിക്കാമെന്ന പ്രൊപ്പോസൽ പാക്കിസ്ഥാന്റെ സൈനിക മേധാവി അസിം മുനീർ അടുത്തിടെ ട്രംപ് ഭരണകൂടത്തിന് മുന്നിൽ വച്ചിരുന്നു.
പാക്കിസ്ഥാനിൽ അപൂർവ ധാതു (റെയർ എർത്ത്) സമ്പത്തുണ്ടെന്ന് കരുതുന്ന മേഖലയാണ് പാസ്നി. അമേരിക്കയുമായി അപൂർവ ധാതുക്കളുടെ ഇടപാട് സുഗമമാക്കുന്നതിന്റെ ഭാഗമാണ് സംയുക്ത സംരംഭമായി തുറമുഖം സ്ഥാപിക്കാമെന്ന മുനീറിന്റെ പ്രൊപ്പോസൽ. ഇതിനോട് അമേരിക്ക പ്രതികരിച്ചിരുന്നില്ല. എന്നാൽ, ഇതിനിടെയാണ് അമേരിക്ക ഈ ഭാഗത്ത് സൈനിക താവളം സ്ഥാപിക്കാൻ ശ്രമിക്കുന്നതായി ഇപ്പോൾ ഇറാൻ ആരോപിക്കുന്നത്. അമേരിക്ക ഇത്തരത്തിൽ നീക്കം നടത്തുന്നത് ഇന്ത്യയെ ബാധിച്ചേക്കുമെന്ന വിലയിരുത്തലുണ്ട്.
അമേരിക്കൻ സൈനിക സാന്നിധ്യവും മേഖലയിലെ ചൈനയുടെ സ്വാധീനവും ചബഹാർ തുറമുഖത്തിനുമേൽ അമേരിക്ക കൊണ്ടുവരുന്ന സമ്മർദവും ഇന്ത്യയുടെ വ്യാപാര മോഹങ്ങൾക്ക് വിലങ്ങുതടിയാകുമെന്നതാണ് ആശങ്ക. ഇറാന്റെ ആരോപണങ്ങളിന്മേൽ അമേരിക്കയോ പാക്കിസ്ഥാനോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.







