സോഫ്റ്റ്‌വുഡ് ഇറക്കുമതിക്ക് തീരുവ വർധിപ്പിക്കാനുള്ള യുഎസ് തീരുമാനം കനേഡിയൻ തടി വ്യവസായ മേഖലയ്ക്ക് ആശങ്കയാകുന്നു. കനേഡിയൻ സോഫ്റ്റ്‌വുഡ് ഇറക്കുമതി തീരുവ 14.63% വർധിപ്പിച്ചതായി ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചു. കാനഡയിൽ നിന്നുള്ള തടിക്ക് അന്യായമായ സബ്സിഡി ലഭിക്കുന്നുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഈ നീക്കമെന്നും അധികൃതർ വ്യക്തമാക്കി.
ഈ നീക്കം ഇരു രാജ്യങ്ങളിലെയും സമൂഹങ്ങളെ ദോഷകരമായി ബാധിക്കുമെന്ന് ബ്രിട്ടിഷ് കൊളംബിയയിലെ വ്യാപാരികൾ പറയുന്നു. വർധന അസംബന്ധമാണെന്ന് ബ്രിട്ടിഷ് കൊളംബിയ വനംവകുപ്പ് മന്ത്രി രവി പർമർ പ്രതികരിച്ചു. ഇതിനെതിരെ നിയമപരമായി പോരാടുമെന്നും അദ്ദേഹം അറിയിച്ചു. കാനഡയിലെ വനമേഖലകളെ ആശ്രയിച്ചു കഴിയുന്ന ജനങ്ങൾക്ക് ഇത് വെല്ലുവിളിയാകുമെന്നും, യുഎസ് നിർമ്മാണ മേഖലയിൽ ചെലവ് വർധിപ്പിക്കുമെന്നും ബി.സി. ലംബർ ട്രേഡ് കൗൺസിൽ പ്രസിഡന്റ് കുർട്ട് നിക്വിഡെറ്റ് പറഞ്ഞു. ഇരു രാജ്യങ്ങളിലെയും സർക്കാരുകൾ ഈ തർക്കം എത്രയും വേഗം പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനിടെ, കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി വ്യവസായത്തെ സഹായിക്കാൻ 70 കോടി ഡോളറിന്റെ വായ്പാ ഗ്യാരണ്ടികളും 50 കോടി ഡോളറിന്റെ ദീർഘകാല സഹായവും പ്രഖ്യാപിച്ചിട്ടുണ്ട്.