പ്രധാന പലിശ നിരക്ക് പലിശ നിരക്ക് 25 ബേസിസ് പോയിന്റ് (ബിപിഎസ്) കുറച്ച് യുഎസ് ഫെഡറല് റിസര്വ് (ഫെഡ്). ഫെഡ് നിരക്ക് കുറച്ചത് സംബന്ധിച്ച് സാമ്പത്തിക വിദഗ്ധര്ക്ക് സമ്മിശ്ര അഭിപ്രായമാണുള്ളത്. ഒറ്റത്തവണയുള്ള 25 ബിപിഎസ് കുറവ് വിപണിയില് വലിയ സ്വാധീനം ചെലുത്താന് സാധ്യതയില്ലെന്ന് ചില സാമ്പത്തിക വിശകലന വിദഗ്ധര് പറയുന്നു. നിരക്കുകള് കുറയ്ക്കുന്ന ഒരു വലിയ സാമ്പത്തിക ചക്രം (aggressive downward cycle) ഉണ്ടാകുമ്പോള് മാത്രമാണ് വിപണിയില് കാര്യമായ മുന്നേറ്റം കണ്ടിട്ടുള്ളത്. യുഎസ് സമ്പദ്വ്യവസ്ഥയില് ഉണ്ടാകാന് സാധ്യതയുള്ള മാന്ദ്യം മുന്കൂട്ടി കണ്ടാണ് നിരക്ക് കുറയ്ക്കുന്നത് എന്ന ആശങ്കയും നിലനില്ക്കുന്നു. ഇത് ആഗോള സാമ്പത്തിക വളര്ച്ചയെ ബാധിച്ചാല് ഇന്ത്യന് കയറ്റുമതി മേഖലയ്ക്ക് തിരിച്ചടിയാകാം.
പലിശനിരക്ക് കുറയ്ക്കാന് തീരുമാനിച്ചതിന് പിന്നാലെ ഇന്ത്യന് ഓഹരി, സാമ്പത്തിക വിപണികളില് സമ്മിശ്ര പ്രതികരണമാണ് ദൃശ്യമാകുന്നത്. കുറച്ചത് വിപണിക്ക് ഗുണകരമാകുമെന്ന പ്രതീക്ഷ നിലനില്ക്കുമ്പോഴും, വിദേശ നിക്ഷേപകരുടെ നിലവിലെ പിന്വാങ്ങലും ആഭ്യന്തര സാമ്പത്തിക ആശങ്കകളും കാരണം വിപണിയിലെ ചാഞ്ചാട്ടം തുടരുകയാണ്.







