യുഎസ് സന്ദർശിക്കുന്ന ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽതാനിയുമായി യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസും സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും കൂടിക്കാഴ്ച നടത്തി. ദോഹയിൽ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തിയ ആക്രമണത്തിന് പിന്നാലെ ഖത്തറിനെ അനുനയിപ്പിക്കാനുള്ള യുഎസിൻ്റെ നീക്കങ്ങളുടെ ഭാഗമാണിത്. ഭാവിയിൽ ഇത്തരം ആക്രമണങ്ങൾ ഇസ്രയേലിൻ്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉറപ്പുനൽകി. മാർക്കോ റൂബിയോ ഉടൻ ഇസ്രയേൽ സന്ദർശിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
സംഘർഷം അവസാനിപ്പിക്കാനുള്ള സാധ്യതകൾ ഇല്ലാതാക്കാൻ ഇസ്രയേൽ ശ്രമിച്ചെന്ന് ഖത്തർ പ്രധാനമന്ത്രി ആരോപിച്ചു. എന്നാൽ, മധ്യസ്ഥ ശ്രമങ്ങളിൽനിന്ന് ഖത്തർ പിന്മാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ദോഹയിലെ ആക്രമണം ഗൾഫ് മേഖലയിൽ സംഘർഷം വർധിപ്പിക്കാൻ സാധ്യതയുണ്ടെന്ന് വിലയിരുത്തപ്പെടുന്നു. ഇസ്രയേലിൻ്റെ ഈ നീക്കത്തിൽ യുഎസ് പ്രസിഡന്റ് ട്രംപ് അതൃപ്തി രേഖപ്പെടുത്തിയിരുന്നു.







