newsroom@amcainnews.com

കാനഡയിലെ ജയിലുകളില്‍ അക്രമം വര്‍ധിക്കുന്നു; അടിയന്തര നടപടി വേണമെന്ന് യൂണിയന്‍

ഓട്ടവ:  കാനഡയിലെ ജയിലുകളില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെയുള്ള അക്രമങ്ങളും മാരകായുധങ്ങളുടെ കടത്തും ക്രമാതീതമായി വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. തടവുകാരില്‍ നിന്നുള്ള ആക്രമണങ്ങള്‍, ലഹരിവസ്തുക്കളുടെ കടത്ത്, ഡ്രോണ്‍ നിരീക്ഷണങ്ങള്‍, ആയുധങ്ങള്‍ പിടിച്ചെടുക്കല്‍ എന്നിവ വന്‍തോതില്‍ വര്‍ധിച്ചിട്ടും ഉദ്യോഗസ്ഥരുടെ സുരക്ഷ ഉറപ്പാക്കാന്‍ അധികൃതര്‍ ഒന്നും ചെയ്യുന്നില്ലെന്ന് യൂണിയന്‍ ഓഫ് കനേഡിയന്‍ കറക്ഷണല്‍ ഓഫീസേഴ്‌സ് റീജണല്‍ പ്രസിഡന്റ് റെനെ ഹൗ ആരോപിച്ചു. നോസ്‌കോഷയിലെ സ്പ്രിങ്ഹില്‍ ജയിലില്‍ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ക്രൂരമായി പരുക്കേറ്റ സംഭവത്തിന് പിന്നാലെയാണ് ആശങ്കകള്‍ പരസ്യമാക്കി യൂണിയന്‍ രംഗത്തെത്തിയത്.

കഴിഞ്ഞ മാസം സ്പ്രിങ്ഹില്‍ ജയിലിലുണ്ടായ അക്രമത്തില്‍ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് കുത്തേറ്റതായും ഒരാളുടെ ചെവി അക്രമി കടിച്ചു മുറിച്ചതായും റെനെ ഹൗ വെളിപ്പെടുത്തി. ഇത്തരം അക്രമങ്ങള്‍ നടക്കാന്‍ സാധ്യതയുണ്ടെന്ന രഹസ്യവിവരങ്ങള്‍ ലഭിച്ചിട്ടും ജയില്‍ മാനേജ്‌മെന്റ് അത് പൂര്‍ണ്ണമായും അവഗണിക്കുകയായിരുന്നു. അക്രമം നടത്തിയ തടവുകാരനെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പരുക്കേറ്റ ജീവനക്കാര്‍ക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കിയതായും സി.എസ്.സി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് മെയ് 15 മുതല്‍ സ്പ്രിങ്ഹില്‍ ജയിലില്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കുകയും പ്രത്യേക തിരച്ചിലിലൂടെ നിരവധി നിരോധിത വസ്തുക്കള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

ഈ വര്‍ഷം ജനുവരി മുതല്‍ അറ്റ്‌ലാന്റിക് മേഖലയിലെ അഞ്ച് സി.എസ്.സി സ്ഥാപനങ്ങളില്‍ മാത്രം സുരക്ഷാ ജീവനക്കാര്‍ക്ക് നേരെ 31 അക്രമങ്ങളും 79 വധഭീഷണികളും ഉണ്ടായിട്ടുണ്ട്. കൂടാതെ തടവുകാര്‍ തമ്മില്‍ 68 ഏറ്റുമുട്ടലുകള്‍ നടക്കുകയും, 337 മാരകായുധങ്ങളും 65 മൊബൈല്‍ ഫോണുകളും ജയിലിനുള്ളില്‍ നിന്ന് പിടിച്ചെടുക്കുകയും ചെയ്തു. ജയിലിന് മുകളില്‍ 20 തവണ ഡ്രോണ്‍ സാന്നിധ്യം കണ്ടെത്തിയതായും കണക്കുകള്‍ വ്യക്തമാക്കുന്നു. ജയിലുകളിലെ അക്രമങ്ങള്‍ ഇപ്പോള്‍ ഒരു പ്രാദേശിക പ്രശ്‌നമല്ലെന്നും ഇതൊരു ദേശീയ പ്രതിസന്ധിയായി മാറിയിരിക്കുകയാണെന്നും യൂണിയന്‍ മുന്നറിയിപ്പ് നല്‍കുന്നു. കൊടുംകുറ്റവാളികളും കടുത്ത മാനസിക പ്രശ്‌നങ്ങളുള്ളവരുമായ തടവുകാരെ കൈകാര്യം ചെയ്യുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് മതിയായ മാനസികാരോഗ്യ പിന്തുണയും ആനുകൂല്യങ്ങളും ഉറപ്പാക്കണമെന്ന് പ്രവിശ്യാ എം.എല്‍.എ  എലിസബത്ത് സ്മിത്ത് മക്ക്രോസിന്‍ ആവശ്യപ്പെട്ടു. അതേസമയം, തടവുകാരുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവും ലഹരിവസ്തുക്കളുടെ ഉപയോഗവുമാണ് ജയിലുകളില്‍ കടുത്ത സംഘര്‍ഷങ്ങള്‍ക്ക് കാരണമാകുന്നതെന്ന് സി.എസ്.സി കമ്മ്യൂണിക്കേഷന്‍സ് ഓഫീസര്‍ ലോറന്‍സ് കോട്ടെ വിശദീകരിച്ചു. ഡ്രോണ്‍ വഴിയുള്ള നിരോധിത വസ്തുക്കളുടെ കടത്ത് തടയാനും സുരക്ഷ ശക്തമാക്കാനും ഒട്ടാവയുടെ പുതിയ സാമ്പത്തിക അപ്‌ഡേറ്റില്‍ ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും, യൂണിയനുമായി സഹകരിച്ച് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുമെന്നും അധികൃതര്‍ വ്യക്തമാക്കി.

You might also like
Canada Expands Healthcare Workforce to Improve Patient Care

കാനഡയിലെ രോഗി പരിചരണം മെച്ചപ്പെടുത്തുന്നതിനായി ആരോഗ്യ പ്രവർത്തകരുടെ എണ്ണം വർദ്ധിപ്പിക്കുന്നു

Average long-term US mortgage rate at highest level in nearly 3 years after 7th weekly rise in a row

തുടർച്ചയായ ഏഴാമത്തെ ആഴ്ചയും വർധന; യു.എസിലെ ദീർഘകാല മോർട്ട്ഗേജ് നിരക്ക് ഏകദേശം 3 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിൽ

Upcoming Elections Spark Political Disputes and Heated Debates

വരാനിരുന്ന തിരഞ്ഞെടുപ്പുകൾ രാഷ്ട്രീയ തർക്കങ്ങൾക്കും ചൂടേറിയ സംവാദങ്ങൾക്കും തിരികൊളുത്തുന്നു

Bipartisan majority of Americans blame Trump policies for rising costs

വർദ്ധിച്ചുവരുന്ന ചെലവുകൾക്ക് കാരണം ട്രംപിന്റെ നയങ്ങളെന്ന് ഭൂരിപക്ഷം അമേരിക്കക്കാരും

Suncor to sell offshore Canada oil stakes to Ithaca for $842 million

സൺകോർ എനർജിയുടെ ഓഫ്‌ഷോർ ഓയിൽ നിക്ഷേപങ്ങൾ ഇത്താക എനർജിക്ക് സ്വന്തം: ഇടപാട് 842 മില്യൺ ഡോളറിന്

Canadian Army Reorganizes to Strengthen Canada’s Defence

കാനഡയുടെ പ്രതിരോധം ശക്തമാക്കുന്നതിനായി കനേഡിയൻ സൈന്യത്തിനെ പുനഃസംഘടിപ്പിക്കുന്നു

Top Picks for You
Top Picks for You