ലണ്ടൻ: പോസ്റ്റ് ഓഫിസ് ജീവനക്കാർ പണം തട്ടിയെന്ന് തെറ്റിദ്ധരിച്ചുള്ള അഴിമതി വിവാദത്തിലെ പുതിയ അന്വേഷണ റിപ്പോർട്ടിൽ ഞെട്ടിക്കുന്ന വിവരങ്ങൾ. തെറ്റൊന്നും ചെയ്യാതെ ആരോപണം കേൾക്കേണ്ടിവന്നതിന്റെ മാനസികവിഷമത്തിൽ 13 പേർ സ്വയം ജീവനൊടുക്കിയെന്നാണ് കണ്ടെത്തൽ. 1999നും 2015നും ഇടയിലാണ് ആയിരത്തോളം ബ്രാഞ്ച് മാനേജർമാർ തെറ്റായി പ്രതിചേർക്കപ്പെട്ടത്. ഇതിൽ അറുപതോളം പേർ ആത്മഹത്യയെപ്പറ്റി ആലോചിച്ചു. ഇതിൽ അറുപതോളം പേർ ആത്മഹത്യയെപ്പറ്റി ആലോചിച്ചു. പലരും കടക്കെണിയിലായി. ചിലരാകട്ടെ ഗുരുതര അസുഖബാധിതരുമായി.
‘ഹൊറൈസൺ’ എന്ന സോഫ്റ്റ്‌വെയറിനു സംഭവിച്ച പിഴവുമൂലം സെയിൽസ് അക്കൗണ്ടിങ് സംവിധാനം താറുമാറായതാണെന്നു തിരിച്ചറിയാതെ, പോസ്റ്റ് ഓഫിസ് ജീവനക്കാർ പണം തട്ടിയെന്ന് അധികൃതർ തെറ്റിദ്ധരിക്കുകയായിരുന്നു. യുകെ നീതിന്യായ സംവിധാനത്തിനു പറ്റിയ വലിയ പിഴവായി കുപ്രസിദ്ധി നേടിയ സംഭവത്തിലെ യഥാർഥ വസ്തുതകൾ കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ടിവി ഡോക്യുമെന്ററിയിലൂടെയാണ് ലോകമറിഞ്ഞത്. തുടർന്ന്, നിയമനടപടി നേരിടേണ്ടി വന്ന ജീവനക്കാർക്ക് സർക്കാർ നഷ്ടപരിഹാരം നൽകി.