മാഡ്രിഡ്: തെക്കന്‍ സ്പെയിനിലെ ആന്‍ഡലൂഷ്യ പ്രവിശ്യയില്‍ രണ്ട് അതിവേഗ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 21 പേര് മരിച്ചു. ഞായറാഴ്ച വൈകുന്നേരം പ്രാദേശിക സമയം 6.40ഓടെ കൊര്‍ദോബ നഗരത്തിന് സമീപമുള്ള അദമൂസിലാണ് അപകടമുണ്ടായത്. ഇരുപത്തിയഞ്ചോളം പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. അപകടത്തെ തുടര്‍ന്ന് മാഡ്രിഡിനും ആന്ഡലൂഷ്യയ്ക്കും ഇടയിലുള്ള ട്രെയിന്‍ സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു.
മലാഗയില്‍ നിന്ന് മാഡ്രിഡിലേക്ക് പോവുകയായിരുന്ന സ്വകാര്യ കമ്പനിയായ ‘ഇറിയോ’യുടെ ട്രെയിന്‍ പാളം തെറ്റി തൊട്ടടുത്ത ട്രാക്കിലേക്ക് മറിയുകയായിരുന്നു. ഈ സമയം എതിര്‍ദിശയില്‍ മാഡ്രിഡില്‍ നിന്ന് ഹുവെല്‍വയിലേക്ക് വരികയായിരുന്ന മറ്റൊരു അതിവേഗ ട്രെയിന്‍ ഇതിലേക്ക് ഇടിച്ചു കയറി. ഇടിയുടെ ആഘാതത്തില്‍ രണ്ട് ട്രെയിനുകളും പാളം തെറ്റുകയും ബോഗികള്‍ തകരുകയും ചെയ്തു.
അപകടസമയത്ത് മലാഗയില്‍ നിന്നുള്ള ട്രെയിനില്‍ മുന്നൂറോളം യാത്രക്കാരുണ്ടായിരുന്നു. തകര്‍ന്ന ബോഗികള്‍ക്കിടയില്‍ നിരവധി യാത്രക്കാര്‍ കുടുങ്ങിക്കിടക്കുകയാണ്. പരുക്കേറ്റവരെ മേഖലയിലെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. പരുക്കേറ്റവരില്‍ പലരുടെയും നില അതീവ ഗുരുതരമായതിനാല്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് ആന്‍ഡലൂഷ്യന്‍ ആരോഗ്യവകുപ്പ് മന്ത്രി ആന്റണിയോ സാന്‍സ് അറിയിച്ചു. ദുര്‍ഘടമായ പാതയായതിനാല്‍ രക്ഷാപ്രവര്‍ത്തനം ഏറെ വെല്ലുവിളി നിറഞ്ഞതാണെന്ന് അധികൃതര്‍ വ്യക്തമാക്കി.







