യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് സമാധാന നൊബേൽ സമ്മാനം നൽകുന്നതിന് പിന്തുണയുമായി കൂടുതൽ രാജ്യങ്ങൾ. അസർബൈജാനും അർമേനിയുമാണ് പിന്തുണയുമായി രംഗത്തെത്തിയ പുതിയ രാജ്യങ്ങൾ. അസർബൈജാൻ പ്രസിഡന്റ് ഇൽഹാം അലിയേവ് അർമേനിയക്കൊപ്പം നോമിനേഷന് പിന്തുണ നൽകി കത്തയച്ചു. താനും പ്രധാനമന്ത്രി പാഷിന്യാനും നൊബേൽ കമ്മിറ്റിക്ക് ട്രംപിന് സമാധാന നൊബേൽ നൽകണമെന്ന് ആവശ്യപ്പെട്ട് കത്തയക്കുമെന്ന് അസർബൈജാൻ പ്രസിഡന്റ് വൈറ്റ് ഹൗസിൽ നടന്ന പരിപാടിയിൽ പറഞ്ഞു. ട്രംപിന് നൊബേൽ സമ്മാനത്തിന് അർഹതയുണ്ടെന്ന് തന്നെയാണ് താൻ കരുതുന്നതെന്ന് അർമേനിയൻ പ്രധാനമന്ത്രി നികോൾ പാഷിൻയാൻ പറഞ്ഞു.
ഇതോടെ നൊബേൽ സമ്മാനത്തിന് ട്രംപിനെ പിന്തുണക്കുന്ന രാജ്യങ്ങളുടെ എണ്ണം അഞ്ചായി ഉയർന്നു. നേരത്തെ പാകിസ്താനും ട്രംപിന് നൊബേൽ സമ്മാനം നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ട്രംപിന് നൊബേൽ സമ്മാനം നൽകണമെന്ന് ആവശ്യപ്പെട്ട് കത്തയച്ചിരുന്നു. കംബോഡിയയും ട്രംപിന്റെ നൊബേൽ സമ്മാനത്തെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.