ബ്രിക്‌സ് രാജ്യങ്ങള്‍ക്ക് മേല്‍ 10% ഏകപക്ഷീയമായ തീരുവ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ‘ബ്രിക്സിന്റെ അമേരിക്കന്‍ വിരുദ്ധ നയങ്ങളുമായി യോജിക്കുന്ന ഏതൊരു രാജ്യത്തിനും 10% അധിക തീരുവ ഈടാക്കും. ഈ നയത്തിന് ഒരു അപവാദവുമില്ല. ഈ വിഷയത്തില്‍ നിങ്ങള്‍ ശ്രദ്ധ ചെലുത്തിയതിന് നന്ദി’ ട്രംപ് ട്രൂത്ത് സോഷ്യലില്‍ പോസ്റ്റ് ചെയ്തു.
നിലവില്‍ ബ്രസീലിലെ റിയോ ഡി ജനീറോയില്‍ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയില്‍, വ്യാപാര താരിഫ്, മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷം, ആഗോള ആയുധച്ചെലവ് തുടങ്ങിയ വിഷയങ്ങളില്‍ ട്രംപിന്റെ നിലപാടുകളോട് വിയോജിപ്പ് പ്രകടിപ്പിക്കാന്‍ ബ്രിക്‌സ് രാജ്യങ്ങള്‍ ഒരുങ്ങുന്നതിനിടെയാണ് ഈ ഭീഷണി. ബ്ലൂംബെര്‍ഗ് ന്യൂസ് റിപ്പോര്‍ട്ട് അനുസരിച്ച്, ഉച്ചകോടിയില്‍ തയ്യാറാക്കിയ കരട് പ്രസ്താവനയില്‍, ‘വ്യാപാരത്തെ വളച്ചൊടിക്കുന്നതും WTO നിയമങ്ങളുമായി പൊരുത്തപ്പെടാത്തതുമായ’ ഏകപക്ഷീയമായ താരിഫ്, നോണ്‍-താരിഫ് നടപടികളിലെ വര്‍ധനയില്‍ ‘ഗുരുതരമായ ആശങ്കകള്‍’ രേഖപ്പെടുത്താന്‍ ബ്രിക്‌സ് നേതാക്കള്‍ സമ്മതിച്ചിട്ടുണ്ട്.