അമേരിക്കന്‍ ടെക് കമ്പനികള്‍ ചൈനയില്‍ ഉല്‍പ്പാദന യൂണിറ്റുകള്‍ സ്ഥാപിക്കുകയും ഇന്ത്യയില്‍ നിന്ന് തൊഴിലാളികളെ നിയമിക്കുകയും ചെയ്യുന്നതിനെ രൂക്ഷമായി വിമര്‍ശിച്ച് ഡോണള്‍ഡ് ട്രംപ്. ഇത്തരം പ്രവണതകള്‍ ഇനി പ്രോത്സാഹിപ്പിക്കില്ലെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി. ബുധനാഴ്ച നടന്ന എഐ ഉച്ചകോടിയില്‍ സംസാരിക്കവെയാണ് ട്രംപിന്റെ മുന്നറിയിപ്പ്. ടെക് വ്യവസായം ‘തീവ്ര ആഗോളവല്‍ക്കരണം’ പിന്തുടര്‍ന്നുവെന്നും, ഇത് ദശലക്ഷക്കണക്കിന് അമേരിക്കക്കാര്‍ക്കെതിരെയുളള വഞ്ചനയാണെന്നും ട്രംപ് പറഞ്ഞു. അമേരിക്കന്‍ ടെക് ഭീമന്മാര്‍ അമേരിക്കന്‍ സ്വാതന്ത്ര്യങ്ങള്‍ മുതലെടുത്ത് ജോലികള്‍ വിദേശത്തേക്ക് അയക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ടെക് കമ്പനികള്‍ അമേരിക്കയ്ക്കാണ് മുന്‍ഗണന നൽകേണ്ടതെന്ന് ട്രംപ് പറഞ്ഞു. ‘യുഎസ് ടെക് കമ്പനികള്‍ അമേരിക്കയ്ക്ക് വേണ്ടി പൂര്‍ണ്ണമായി നിലകൊള്ളണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ അമേരിക്കയ്ക്ക് മുന്‍ഗണന നല്‍കണം. അതാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.