newsroom@amcainnews.com

ടൊറോൻറോ രാജ്യാന്തരചലച്ചിത്രമേളയിൽ ഇടം നേടി ഇന്ത്യയിൽ നിന്നുള്ള മൂന്നു ചിത്രങ്ങൾ

ടൊറോൻറോ: ടൊറോൻറോ രാജ്യാന്തരചലച്ചിത്രമേളയുടെ അൻപതാം പിറന്നാളാഘോഷിക്കപ്പെടുന്ന ഈ സെപ്റ്റംബറിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള 74 പ്രധാനചിത്രങ്ങളുടെ പട്ടികയിൽ ഇന്ത്യയിൽ നിന്നുള്ള മൂന്നു ചിത്രങ്ങളാണ്‌ ഇതുവരെ ഇടം പിടിച്ചിട്ടുള്ളത്. കാൻ ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിക്കപ്പെട്ട നീരജ് ഗയാവാൻറെ ‘ഹോംബൗണ്ട്’, അനുരാഗ് കാശ്യപിൻറെ ‘മങ്കി ഇൻ എ കെയ്ജ്’, രമേഷ് സിപ്പിയുടെ ‘ഷോലെ’ (പുതിയ പതിപ്പിൻറെ പ്രദർശനം) എന്നിവയാണവ. ബാക്കിയുള്ള മുന്നൂറിലധികം ചിത്രങ്ങളുടെ പേരുകൾ വരുന്ന ആഴ്ചകളിലായി പുറത്തുവരും.

കഴിഞ്ഞ രണ്ടുമൂന്നു വർഷമായി തെന്നിന്ത്യൻ ചിത്രങ്ങളുടെ അഭാവം ചലച്ചിത്രമേളയിൽ പ്രകടമായിരുന്നു. ഇഷാൻ ഖട്ടർ, വിശാൽ ജെത്വ, ജാൻവി കപൂർ എന്നിവർ പ്രധാനവേഷങ്ങളിൽ വരുന്ന ഹോംബൗണ്ടിൻറെ സംവിധാനം നിർവഹിച്ചിട്ടുള്ളത്, നീരജ് ഗയാവാനാണ്‌. രണ്ടു ബാല്യകാലസുഹൃത്തുക്കളുടെ കഥപറയുന്ന ഈ ചിത്രം നീരജ് ഗയാവാൻറെ രണ്ടാമത്തെ കഥാചിത്രമാണ്‌. വിക്കി കൗശലും റിച്ചാ ഛദ്ദയും അഭിനയിച്ച, ആദ്യചിത്രമായ ‘മസാൻ’ 2015 ലെ കാൻ ചലച്ചിത്രമേളയിൽ ഫിപ്രസി ഉൾപ്പടെ രണ്ട് പുരസ്കാരങ്ങൾ നേടിയിരുന്നു. ടൊറോൻറോയിൽ ആദ്യമായാണ്‌ ഗയാവാൻറെ ചിത്രം പ്രദർശനത്തിനെത്തുന്നത്. ഇവിടുത്തെ ഇന്ത്യൻ പ്രേക്ഷകർ വളരെ ആകാംക്ഷയോടെ കാണാൻ കാത്തിരിക്കുന്ന ചിത്രമാണിത്.

നടനും സംവിധായകനുമായ അനുരാഗ് കാശ്യപിൻറെ ഏറ്റവും പുതിയ ചിത്രമായ ‘മങ്കി ഇൻ എ കെയ്ജ്’ ൻറെ ആഗോളപ്രദർശനോദ്ഘാടനം ടൊറോൻറോ മേളയിലായിരിക്കും. ഇന്ത്യയിൽ അൻപതാം വാർഷികമാഘോഷിക്കുന്ന രമേഷ് സിപ്പിയുടെ ‘ഷോലെ’ യ്ക്ക് ആദരമെന്നോണം ആ ചിത്രത്തിൻറെ പുതിയ ഡിജിറ്റൽ പ്രിൻറാണ്‌ ടൊറോൻറോ ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുന്നത്. വരുന്ന ദിവസങ്ങളിൽ മറ്റ് ഇന്ത്യൻ ഭാഷാചിത്രങ്ങളുടെ പേരുകളിൽ ചിലതുകൂടി പുറത്തുവരുമെന്നുള്ള പ്രതീക്ഷയിലാണ്‌ കാനഡയിലെ ഇന്ത്യക്കാർ.

തിരഞ്ഞെടുക്കപ്പെട്ട പ്രധാനചിത്രങ്ങളുടെ പേരുകളിൽ അലെക്സ് വിന്ററിന്റെ ‘അഡൽറ്റ്ഹുഡ്’, സ്കാർലറ്റ് ജോഹാൻസൻറെ ‘എലിനോർ ദ് ഗ്രേറ്റ്’, അസീസ് അൻസാരിയുടെ ‘ഗുഡ് ഫോർച്യുൺ’, ജെയിംസ് വാൻഡെർബിൽറ്റിൻറെ ‘ന്യൂറംബർഗ്’, ആലിസ് വിനോകോറിൻറെ ‘കൗച്ചർ’, ഗ്വിലേർമോ ഡെൽടോറോയുടെ ‘ഫ്രാങ്കൻസ്റ്റീൻ’, ജാഫെർ പനാഹിയുടെ ‘ഇറ്റ് വാസ് ജസ്റ്റ് ആൻ ആക്സിഡെൻറ്’, മാർക് ജെൻകിന്റെ ‘റോസ് ഒഫ് നെവാദ’, മാമോറു ഹൊസോദയുടെ ‘സ്കാർലറ്റ്’, സ്റ്റീവെൻ സോഡെർബെർഗിൻറെ ‘ദ് ക്രിസ്റ്റോഫേർസ്’ എന്നിവയും ഉൾപ്പെട്ടിട്ടുണ്ട്. കാനഡയിലെ ‘ഉത്സവങ്ങളുടെ ഉത്സവ’മായാണ്‌ ടൊറോൻറോ രാജ്യാന്തരചലച്ചിത്രോത്സവം അറിയപ്പെടുന്നത്.

നഗരത്തിലെ മുപ്പതിലധികം വേദികളിലായി പ്രദർശിപ്പിക്കപ്പെടുന്ന നാനൂറിൽ താഴെ വരുന്ന ചിത്രങ്ങൾ കാണാനായി ലോകത്തിൻറെ പലഭാഗത്തുനിന്നുമായി എത്തിച്ചേരുന്നത് പ്രതിവർഷം അഞ്ചുലക്ഷത്തോളം പേരാണ്‌. രണ്ടായിരത്തോളം മാധ്യമപ്രതിനിധികളാണ്‌ ഇതിനായി ഇവിടേക്കെത്തുന്നത്. രണ്ടായിരത്തഞ്ഞൂറോളം വൊളന്റിയർമാരും മേളയുടെ സുഗമമായ നടത്തിപ്പിനായി വേദികളിലുണ്ടാവും. വരുന്ന സെപ്റ്റംബർ 4 മുതൽ 14 വരെയാണ്‌ ചലച്ചിത്രോത്സവം നടക്കുന്നത്‌. ഇവിടെ നിന്നു തിരഞ്ഞെടുക്കപ്പെടുന്ന ചിത്രങ്ങളാണ്‌ സാധാരണയായി ഓസ്കർ വേദികളിലും എല്ലാവർഷവും തിളങ്ങിനിൽക്കാറുള്ളത്.

You might also like

പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തു, 1,200ലധികം അശ്ലീല ഫോട്ടോകളും വിഡിയോകളും; ഇന്ത്യൻ വംശജൻ യുഎസിൽ അറസ്റ്റിൽ

പ്രൊഫ. എം.കെ സാനു അന്തരിച്ചു

ചെമ്പ് ഇറക്കുമതിക്ക് 50% തീരുവ: ഉത്തരവില്‍ ഒപ്പിട്ട് ട്രംപ്

എഡ്മണ്ടനിൽ ദക്ഷിണേഷ്യൻ കമ്മ്യൂണിറ്റിക്കെതിരെ ആക്രമണം വർധിക്കുന്നു

പലിശനിരക്ക് 2.75 ശതമാനമായി നിലനിർത്തി ബാങ്ക് ഓഫ് കാനഡ

യുഎസ് വിസ അഭിമുഖ ഇളവ് നയങ്ങളിൽ മാറ്റം, സെപ്റ്റംബർ 2 മുതൽ പ്രാബല്യത്തിൽ; മിക്ക വിസ വിഭാഗങ്ങൾക്കും നേരിട്ടുള്ള അഭിമുഖം നിർബന്ധമാക്കും

Top Picks for You
Top Picks for You