ഒൻ്റാരിയോ: ഒൻ്റാരിയോയിൽ നിയമപരമായി പേരുകൾ മാറ്റാൻ ആഗ്രഹിക്കുന്നവർക്ക് നടപടിക്രമങ്ങൾ പൂർത്തിയാകാൻ കാലതാമസം നേരിടുന്നതായി പരാതി. സർവീസ് ഒൻ്റാരിയോയുടെ വെബ്‌സൈറ്റ് പ്രകാരം, പേര് മാറ്റ അഭ്യർത്ഥനകൾക്ക് 12 ആഴ്ച വരെ എടുത്തേക്കാം. എന്നാൽ അടുത്തിടെ പേര് മാറ്റത്തിനായി അപേക്ഷ നല്കിയ യുവതിക്ക് ലഭിച്ച മറുപടി ഇതിന് 19 ആഴ്ച വരെ എടുത്തേക്കാമെന്നാണ്. എല്ലാ പേരുമാറ്റ അപേക്ഷകളും ഒൻ്റാരിയോയിലെ തണ്ടർ ബേയിലെ രജിസ്ട്രാർ ജനറലിൻ്റെ ഓഫീസ് വഴിയാണ് പ്രോസസ്സ് ചെയ്യുന്നത്.
കാലതാമസത്തിന് പിന്നിലെ കാരണമെന്താണെന്ന് ഇവർ പറയുന്നില്ലെങ്കിലും കാലതാമസം ഒഴിവാക്കുന്നതിനായി പ്രവർത്തിക്കുന്നുണ്ടെന്നാണ് ഓഫിസ് പറയുന്നത്. വർദ്ധിച്ച് വരുന്ന അപേക്ഷകൾ പരിഹരിക്കുന്നതിനും പ്രോസസ്സിംഗ് സമയം കുറയ്ക്കുന്നതിനും സർവ്വീസ് ഒൻ്റാരിയോ നിരന്തരം പ്രവർത്തിക്കുന്നതായും ഒരു വക്താവ് പറഞ്ഞു. അടിയന്തിര ആവശ്യങ്ങൾക്ക് വേണ്ടിയാണ് പേരുമാറ്റത്തിന് അപേക്ഷിക്കുന്നതെന്ന് തെളിയിക്കാൻ കഴിഞ്ഞാൽ പ്രോസസിങ് നടപടികൾ വേഗത്തിലാക്കാൻ സാധിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.