ഏതൊക്കെ ജോലികൾ എഐ കളയും? ആർട്ടിഫിഷ്യൽ ഇൻറലിജൻസ് സമഗ്ര മേഖലകളിലും പിടിമുറുക്കിയതോടെ എല്ലാവരുടെയും മനസിൽ ആധികളും ചോദ്യങ്ങളുമാണ്. എഐ രംഗത്തെ അതികായരിൽ ഒരാളായ ഓപ്പൺഎഐയുടെ സിഇഒ സാം ആൾട്ട്‌മാൻ ലോകത്തിന് ചില മുന്നറിയിപ്പുകൾ നൽകുകയാണ്. എഐ ഏതൊക്കെ തൊഴിലുകളാവും ആദ്യം മാറ്റിമറിക്കുക എന്നാണ് ആൾട്ട്‌മാൻറെ പ്രവചനം. എഐ ആദ്യം കസ്റ്റമർ സർവീസ്/സപ്പോർട്ട് ജോലികളാവും കളയുക എന്നാണ് സാം ആൾട്ട്‌മാൻറെ നിരീക്ഷണം.
ഫോണിലൂടെയോ കമ്പ്യൂട്ടർ വഴിയോ ഉള്ള നിലവിലെ കസ്റ്റർ സപ്പോർട്ട് ജോലികളെയാവും എഐ ആദ്യം കൈക്കലാക്കുക. കസ്റ്റമർ സപ്പോർട്ട് ജോലികൾ ചെയ്യുന്ന നിരവധി പേർക്ക് ജോലി നഷ്‌ടമാകും. പ്രോഗ്രാമർമാരായിരിക്കും തൊഴിൽ നഷ്‌ടപ്പെടുന്ന മറ്റൊരു വിഭാഗം. ഓരോ 75 വർഷം കൂടുമ്പോഴും ജോലികളിൽ ശരാശരി 50 ശതമാനത്തിൻറെ മാറ്റം വരാറുണ്ട് എന്നാണ് അടുത്തിടെ ആരോ ഒരാൾ എന്നോട് പറഞ്ഞത് എന്നും സാം ആൾട്ട്‌മാൻ ദി ടക്കർ കാൾസൺ ഷോയിൽ വ്യക്തമാക്കി. എന്നാൽ മനുഷ്യർ ആവശ്യമായ കസ്റ്റമർ സർവീസ്/സപ്പോർട്ട് ജോലികൾ പൂർണമായും അപ്രത്യക്ഷമാകുമെന്ന മുൻ നിലപാടിൽ നിന്ന് സാം ആൾട്ട്‌മാൻ പിന്നോട്ടുപോയിട്ടുണ്ട്.
എഐയോ റോബോട്ടോ നൽകുന്ന നിർദേശങ്ങൾ എത്ര നല്ലതായാലും അല്ലെങ്കിലും അതിനെ വരുംകാലത്ത് ആശ്രയിക്കേണ്ടിവരുമെന്നും ആൾട്ട്‌മാൻ കൂട്ടിച്ചേർത്തു. നഴ്‌സിംഗ് പോലെ മനുഷ്യബന്ധം ആവശ്യമുള്ള റോളുകൾ എഐ കാലത്തും അപ്രത്യക്ഷമാകാൻ സാധ്യതയില്ലെന്നും ആൾട്ട‌്‌മാൻ പറയുന്നു. കസ്റ്റമർ സർവീസ് ജോലികൾ എഐ ഏറ്റെടുക്കുമെന്ന വാർത്ത ഇതാദ്യമല്ല. കമ്പനിയുടെ എല്ലാ കസ്റ്റമർ സപ്പോർട്ട് സംവിധാനവും എഐയിലേക്ക് മാറ്റുകയാണ് ലക്ഷ്യമെന്ന് ഒറാക്കിൾ കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നു. കമ്പനിയുടെ സപ്പോർട്ട് ടീമിൽ നിന്ന് 4000 ലൈവ് ഏജൻറുമാരെ ഒഴിവാക്കുന്ന കാര്യം സെയിൽസ്‌ഫോഴ്‌സ് സിഇഒ അടുത്തിടെ സൂചിപ്പിച്ചിരുന്നു.







