ന്യൂയോർക്ക്: യുഎസ് സർക്കാരിന്റെ അടച്ച് പൂട്ടൽ 27ാം ദിവസം പിന്നിട്ട തിങ്കളാഴ്ച അമേരിക്കയിൽ ഉടനീളം വൈകിയത് 3370 വിമാനങ്ങൾ. ശമ്പളം അടക്കമുള്ളവ ലഭിക്കാതെ വന്നതോടെ അവശ്യ തൊഴിലാളികൾ ജോലിക്ക് എത്താതെ വന്നതോടെയാണ് ഇത്. ഫ്ലൈറ്റ് ട്രാക്കിംഗ് വെബ്സൈറ്റ് ഫ്ലൈറ്റ് അവയർ പുറത്ത് വിട്ട കണക്കുകളുടെ അടിസ്ഥാനത്തിൽ അമേരിക്കയിലേക്കും അമേരിക്കയ്ക്ക് പുറത്തേക്കും പോവുന്ന 118 വിമാനങ്ങളാണ് തിങ്കളാഴ്ച റദ്ദാക്കിയത്. ഞായറാഴ്ച 8700 വിമാനങ്ങളാണ് അമേരിക്കയിലുടനീളം വൈകിയത്. എയർ ട്രാഫിക് കൺട്രോൾ വിഭാഗത്തിൽ അടക്കം ജീവനക്കാർ ജോലിക്ക് ഹാജരാകുന്നില്ല. ഇവർക്ക് ചൊവ്വാഴ്ച ഇവരുടെ പൂർണ ശമ്പളം നഷ്ടമാകും. ചൊവ്വാഴ്ച ശമ്പളമായി എന്ത് ലഭിക്കുമെന്ന് ജീവനക്കാർക്ക് വെള്ളിയാഴ്ച തന്നെ നോട്ടീസുകൾ നൽകിയിട്ടുണ്ട്.
എയർ ട്രാഫിക് കൺട്രോളർമാരുമായി സംസാരിച്ചിരുന്നുവെന്നും അവരുടെ സമ്മർദ്ദം കാണാൻ കഴിയുമെന്നും ഗതാഗത വകുപ്പ് സെക്രട്ടറി ഷോൺ ഡഫി പ്രതികരിച്ചത്. കാറിൽ ഇന്ധനം നിറയ്ക്കുന്നത് മുതൽ കുട്ടികളുടെ സംരക്ഷണം എന്നിവയെക്കുറിച്ച് ആശങ്കയിലാണ് ശമ്പളത്തെ ആശ്രയിച്ച് ജീവിക്കുന്നവരെന്നാണ് ഷോൺ ഡഫി വിശദമാക്കുന്നത്. ഞായറാഴ്ച യുഎസിലുടനീളമുള്ള എയർ ട്രാഫിക് കൺട്രോൾ ടവറുകളിലും ജീവനക്കാരുടെ കുറവുണ്ടായിരുന്നു. ടവറുകളിലെ ജീവനക്കാരുടെ കുറവ് വരും ദിവസങ്ങളിൽ ഇനിയും വർദ്ധിക്കുമെന്നതിനാൽ വിമാന സർവ്വീസുകളുടെ കാലതാമസവും റദ്ദാക്കലും ഇനിയും കൂടുമെന്നാണ് ഗതാഗത വകുപ്പ് സെക്രട്ടറി വിലയിരുത്തുന്നത്.
രാജ്യം അടച്ച് പൂട്ടലിലേക്ക് മുൻപ് തന്നെ എയർ ട്രാഫിക് കൺട്രോളർമാരുടെ ക്ഷാമം നേരിട്ടിരുന്നു. അടച്ച് പൂട്ടൽ പ്രഖ്യാപിച്ചതോടെ ജീവനക്കാരുടെ എണ്ണം വർദ്ധിപ്പിക്കാനുള്ള ശ്രമങ്ങൾ വിജയിച്ചില്ലെന്നും ഗതാഗത വകുപ്പ് സെക്രട്ടറി മാധ്യമങ്ങളോട് പ്രതികരിച്ചു. ശമ്പളം മുടങ്ങുന്നതിനാൽ മറ്റ് ജോലികൾ എയർ ട്രാഫിക് കൺട്രോളർമാർ സ്വീകരിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും ഗതാഗത വകുപ്പ് സെക്രട്ടറി പറഞ്ഞു. ചില ഉദ്യോഗസ്ഥർ കുടുംബത്തെ പോറ്റാൻ മറ്റ് ജോലികൾ സ്വീകരിക്കുന്നത് ആവശ്യമായി കണക്കാക്കുന്നുണ്ടെന്നുമാണ് ഷോൺ ഡഫി പ്രതികരിക്കുന്നത.







