വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് അസോസിയേഷന്റെ മാറ്റിവെച്ച വാർഷിക അത്താഴവിരുന്നിൽ തന്റെ പാരമ്പര്യ ശൈലിയിലുള്ള പ്രസംഗത്തിലൂടെ മാധ്യമപ്രവർത്തകരെയും സദസ്സിനെയും കയ്യിലെടുത്ത് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തനിക്കെതിരെയുണ്ടായ വധശ്രമത്തെത്തുടർന്ന് വിരുന്ന് പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്ന് മൂന്ന് മാസങ്ങൾക്ക് ശേഷമാണ് വാഷിംഗ്ടൺ ഡിസിയിലെ വോൾഡോർഫ് അസ്റ്റോറിയയിൽ ചടങ്ങ് പുനഃസംഘടിപ്പിച്ചത്. മൂന്ന് മാസം മുമ്പ് താൻ പറഞ്ഞതുപോലെ ഈ പരിപാടി നടക്കുക തന്നെ വേണമെന്ന് വ്യക്തമാക്കിയ ട്രംപ്, തന്റെ ഒന്നാം ഭരണകാലത്തേക്കാൾ രണ്ടാം ഊഴവും അതിനേക്കാൾ മൂന്നാം ഊഴവും മികച്ചതായിരിക്കുമെന്ന് തമാശ രൂപേണ പറഞ്ഞു. പ്രസംഗത്തിന്റെ അവസാനത്തോടടുത്ത് ‘ട്രംപ് 2028’ എന്ന തൊപ്പി ധരിച്ചുകൊണ്ട് താൻ നാലാം തവണയും മത്സരരംഗത്തുണ്ടാകുമെന്നത് ഇവിടുത്തെ മാധ്യമപ്രവർത്തകർക്കുള്ള ബ്രേക്കിംഗ് ന്യൂസാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വെടിയൊച്ച കേട്ട നിമിഷങ്ങളിൽ മാധ്യമപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാൻ മുന്നിട്ടിറങ്ങിയ ഭരണകൂട ഉദ്യോഗസ്ഥരെയും, ക്രമസമാധാന പാലകരുടെയും സീക്രട്ട് സർവീസിന്റെയും ധീരതയെയും പ്രശംസിച്ചുകൊണ്ടാണ് ട്രംപ് പ്രസംഗം ആരംഭിച്ചത്. വധശ്രമത്തിന് ഇരയായ രാത്രിക്കു ശേഷവും തികഞ്ഞ ദൃഢനിശ്ചയത്തോടെ തിരികെ എത്തിയത് അമേരിക്കൻ ജനാധിപത്യം രാഷ്ട്രീയ അക്രമങ്ങൾക്ക് മുന്നിൽ വഴങ്ങില്ലെന്നതിന്റെ തെളിവാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. നാം ജീവിക്കുന്നത് അഭിപ്രായസ്വാതന്ത്ര്യമുള്ള രാജ്യത്താണെന്നും പ്രശ്നങ്ങൾ പരിഹരിക്കേണ്ടത് വെടിയുണ്ടകൾ കൊണ്ടല്ല, മറിച്ച് ശക്തമായ സംവാദങ്ങളിലൂടെയാണെന്നും തോക്കുമേന്തിയെത്തുന്ന ഒരു ഭ്രാന്തനും അത് മാറ്റാൻ കഴിയില്ലെന്നും ട്രംപ് തുറന്നടിച്ചു. തനിക്കെതിരായ റിപ്പോർട്ടുകൾക്ക് അവാർഡ് നേടിയ മാധ്യമപ്രവർത്തകർക്ക് കൈകൊടുക്കാനും അവർക്ക് ആശംസകൾ നേരാനും അദ്ദേഹം മടിച്ചില്ല.
തന്റെ പ്രസംഗത്തിലുടനീളം രാഷ്ട്രീയ എതിരാളികളെയും പ്രമുഖരെയും ട്രംപ് ശക്തമായി പരിഹസിച്ചു. റോബർട്ട് എഫ്. കെന്നഡി ജൂനിയർ റോഡ്കില്ലായി കിട്ടിയ പശുവിനെയും മരപ്പട്ടിയെയും വിരുന്നിനായി കൊണ്ടുവന്നുവെന്നും, മാധ്യമപ്രവർത്തകരോട് നിരന്തരം ഇടപെടുന്ന പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റിന്റേത് വൈറ്റ് ഹൗസിലെ ഏറ്റവും കഠിനമായ ജോലിയാണെന്നും ട്രംപ് കളിയാക്കി. ഒപ്പം ജോ ബൈഡൻ, കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസം, ബ്രൂസ് സ്പ്രിംഗ്സ്റ്റീൻ എന്നിവരെയും ട്രംപ് തമാശകളുടെ പേരിൽ ലക്ഷ്യമിട്ടു. ഗൗരവമേറിയ വിഷയങ്ങളും മൂർച്ചയേറിയ പരിഹാസങ്ങളും നിറഞ്ഞ ട്രംപിന്റെ പ്രസംഗം ഒരു മണിക്കൂറിലധികം നീണ്ടുനിന്നു. ഒടുവിൽ അമേരിക്കയെ ലോകത്തിലെ ഏറ്റവും മികച്ച രാജ്യമാക്കാൻ സഹായിച്ചതിന് മാധ്യമപ്രവർത്തകർക്ക് നന്ദി പറഞ്ഞുകൊണ്ടാണ് അദ്ദേഹം വേദിവിട്ടത്.







