കാൽഗറി: കാൽഗറി സ്റ്റാംപീഡിൽ പങ്കെടുക്കുന്നവരുടെ എണ്ണം വർധിക്കുന്നു. 2024 ലെ റെക്കോർഡ് തകർക്കാനുള്ള പാതയിലാണിപ്പോൾ. ശനിയാഴ്ച രാത്രി വരെ 338,000 ഗസ്റ്റുകൾ സ്റ്റാംപീഡ് ഗേറ്റിലൂടെ കടന്നുപോയി. ഭൂമിയിലെ ഏറ്റവും മികച്ച ഔട്ട്ഡോർ ഷോ എന്നു വിശേഷിപ്പിക്കുന്ന കാൽഗറി സ്റ്റാംപീഡിൽ ശനിയാഴ്ച മാത്രം 142,199 സന്ദർശകരാണ് നടന്നുനീങ്ങിയത്. കഴിഞ്ഞ വർഷം ഈ സമയം 337,000 പേർ പങ്കെടുത്തിരുന്നു. നിലവിലെ റെക്കോർഡ് 2024 ൽ പത്ത് ദിവസത്തിനുള്ളിൽ സ്ഥാപിച്ച 1.47 മില്യൺ സന്ദർശകരാണ്.
സ്റ്റാംപീഡിലെത്തുന്ന കാനഡയിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന പ്രദേശങ്ങൾക്ക് പുറത്തുള്ള സന്ദർശകർ ഏകദേശം 7 മുതൽ 8 ശതമാനം വരും. അതേസമയം, അന്താരാഷ്ട്ര സന്ദർശകർ മൂന്ന് ശതമാനം വരുമെന്ന് കാൽഗറി സ്റ്റാംപീഡ് കമ്മ്യൂണിക്കേഷൻസ് മാനേജർ ജൂലി ഫോർഗെറ്റ് പറഞ്ഞു. സ്റ്റാംപീഡ് പാർക്കിലെത്തുന്ന സന്ദർശകരിൽ ഭൂരിഭാഗവും കാൽഗറി പ്രദേശത്ത് നിന്നുള്ളവരാണ്.
കൂടാതെ, ആൽബെർട്ടയിലെ മറ്റ് പ്രദേശങ്ങളിലുള്ളവരും മറ്റ് പടിഞ്ഞാറൻ പ്രവിശ്യകളിൽ നിന്നുള്ളവരും കാൽഗറി സ്റ്റാംപീഡിൽ എത്തുന്നുണ്ട്. നിരവധി കനേഡിയൻ പൗരന്മാർ അമേരിക്കയിലേക്കുള്ള യാത്ര ഒഴിവാക്കുന്നതായുള്ള ബിഎംഒ സർവേ പുറത്തുവന്നിരുന്നു. അമേരിക്കയിലേക്കുൾപ്പെടെയുള്ള യാത്രകൾ കനേഡിയൻ പൗരന്മാർ റദ്ദാക്കിയതോടെ സ്റ്റാംപീഡിലേക്കുള്ള സന്ദർശകരുടെ എണ്ണം വർധിച്ചതായി അധികൃതർ പറയുന്നു.