തീവ്രവാദ സംഘടനയായ അൽഖ്വയ്ദയുടെ സ്ലീപ്പർ ഏജൻ്റ് എന്ന് ആരോപണം നേരിടുന്ന അൾജീരിയൻ സ്വദേശി മുഹമ്മദ് ഹർകതിൻ്റെ നാടുകടത്തൽ ഉത്തരവ് പുനഃപരിശോധിക്കാൻ ഒരുങ്ങി കാനഡ. ഹർകതിൻ്റെ നാടുകടത്തൽ നടപടികൾ പുനഃപരിശോധിക്കണമെന്ന ഹർജി കനേഡിയൻ ഫെഡറൽ കോടതി അംഗീകരിച്ചു. ഇതോടെ രാജ്യത്ത് തുടരുന്നതിനായി അപ്പീൽ നൽകാൻ അദ്ദേഹത്തിന് വീണ്ടുമൊരു അവസരം കൂടി ലഭിച്ചു. ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി കനേഡിയൻ ഇമിഗ്രേഷൻ വകുപ്പ് മുൻപ് പുറപ്പെടുവിച്ച നാടുകടത്തൽ ഉത്തരവാണ് ഫെഡറൽ കോടതി ഇപ്പോൾ മരവിപ്പിച്ചത്. ജന്മനാടായ അൾജീരിയയിലേക്ക് മടങ്ങിയാൽ ക്രൂരമായ പീഡനങ്ങൾക്കും മനുഷ്യാവകാശ ലംഘനങ്ങൾക്കും ഇരയാകേണ്ടി വരുമെന്ന ഹർകതിന്റെ വാദങ്ങൾ കണക്കിലെടുത്താണ് കോടതിയുടെ പുതിയ ഉത്തരവ്.
2002-ൽ വിവാദപരമായ ‘സെക്യൂരിറ്റി സർട്ടിഫിക്കറ്റ്’ പ്രകാരം കാനഡയിൽ അറസ്റ്റിലായ ഹർകത്, ഒട്ടാവയിൽ കടുത്ത നിബന്ധനകളോടെ ജാമ്യത്തിൽ കഴിഞ്ഞുവരികയായിരുന്നു. അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളും ഒരു വിദേശരാജ്യത്തെ നിലവിലെ സുരക്ഷാ സാഹചര്യങ്ങളും കൃത്യമായി വിലയിരുത്തപ്പെടണം എന്ന കനേഡിയൻ നിയമവ്യവസ്ഥയുടെ കർശന നിലപാടാണ് ഈ കോടതി വിധിയിലൂടെ വീണ്ടും വ്യക്തമാകുന്നത്.






