ഒൻ്റാരിയോ, ബ്രിട്ടീഷ് കൊളംബിയ, സസ്കാച്ചെവൻ എന്നിവിടങ്ങളിൽ ഹാലോവീൻ മധുര പലഹാരങ്ങളിൽ സംശയാസ്പദമായ വസ്തുക്കൾ കണ്ടെത്തിയതിനെ തുടർന്ന് കുട്ടികളുടെ കാൻഡികൾ ശ്രദ്ധയോടെ പരിശോധിക്കാൻ പോലീസ് മാതാപിതാക്കളോട് ആവശ്യപ്പെട്ടു. കാൻഡികളിൽ സ്റ്റേപ്പിളുകൾ, സൂചികൾ, മോർഫിൻ തുടങ്ങിയവ കണ്ടെത്തിയതായുള്ള നിരവധി റിപ്പോർട്ടുകളാണ് പോലീസിന് ലഭിക്കുന്നത്.
ഒൻ്റാരിയോയിലെ മാറ്റവയിൽ (Mattawa, Ont.), തുറന്ന് വീണ്ടും ഒട്ടിച്ച നിലയിലുള്ള ഒരു ചിപ്‌സ് പാക്കറ്റ് കണ്ടെത്തി. മോർഫിൻ അടങ്ങിയ ഒപിയോയിഡാണ് ഇതെന്നാണ് പ്രാഥമിക പരിശോധനയിലുള്ള സംശയം. പ്രദേശത്ത് മറ്റ് സമാനമായ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും പോലീസ് അന്വേഷണം തുടരുകയാണ്. സസ്കാച്ചെവനിൽ, റെജീനയിലെ ‘ഗ്രീൻസ് ഓൺ ഗാർഡിനർ’ സമീപ പ്രദേശത്ത് നിന്ന് ട്രിക്ക് ഓർ ട്രീറ്റിംഗിനിടെ ലഭിച്ച ഒരു ചോക്ലേറ്റ് ബാറിനുള്ളിൽ സൂചിക്ക് സമാനമായ നേർത്ത ലോഹക്കഷ്ണം കണ്ടെത്തിയതായി ഒരു കുട്ടിയുടെ പിതാവ് പോലീസിൽ റിപ്പോർട്ട് ചെയ്തു.
ഇതിന് പുറമെ ബ്രിട്ടീഷ് കൊളംബിയയിലെ സറേയിൽ ഒരു ‘റീസസ് പീനട്ട് ബട്ടർ കപ്പ്’ കാൻഡിക്കുള്ളിൽ നിന്ന് ഒരു മെറ്റൽ സ്റ്റേപ്പിൾ കണ്ടെത്തിയ സംഭവത്തിലും പോലീസ് അന്വേഷണം ആരംഭിച്ചു. കുട്ടികൾക്ക് നൽകുന്ന എല്ലാ ഹാലോവീൻ മധുരപലഹാരങ്ങളും പൊട്ടലുകളോ, ദ്വാരങ്ങളോ, വീണ്ടും ഒട്ടിച്ചതിൻ്റെ ലക്ഷണങ്ങളോ ഉണ്ടോയെന്ന് ശ്രദ്ധയോടെ പരിശോധിക്കണമെന്നും, സംശയകരമായി തോന്നുന്ന എന്തെങ്കിലും കണ്ടാൽ ഉടൻ തന്നെ പോലീസിനെ അറിയിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.







