newsroom@amcainnews.com

തെരുവുനായ പ്രശ്നത്തിൽ കടുത്ത അതൃപ്തിയുമായി സുപ്രീം കോടതി; കേരളം ഉൾപ്പെടെ സംസ്ഥാനങ്ങളുടെ ചീഫ് സെക്രട്ടറിമാർ നേരിട്ടു ഹാജരാകണമെന്ന് നിർദേശം

ന്യൂഡൽഹി: തെരുവുനായ പ്രശ്നത്തിൽ കടുത്ത അതൃപ്തിയുമായി സുപ്രീം കോടതി. തെലങ്കാന, ബംഗാൾ സംസ്ഥാനങ്ങൾ ഒഴിച്ച്, മറ്റു സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാർ നേരിട്ടു ഹാജരാകണമെന്നാണ് നിർദേശം. നവംബർ മൂന്നിന് ഹാജരാകണമെന്നാണ് ജസ്റ്റിസ് വിക്രംനാഥ് നിർദേശം നൽകിയിരിക്കുന്നത്. വിഷയത്തിൽ സംസ്ഥാനങ്ങൾ സത്യവാങ്മൂലം നൽകണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. തെലങ്കാനയും ബംഗാളും മാത്രമാണ് അതു നൽകിയത്. കേരളം ഉൾപ്പെടെ സത്യാവാങ്മൂലം നൽകാത്ത സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാർ ഹാജരാകണമെന്നാണ് നിർദേശം. ഡൽഹിയിലെ തെരുവുനായ വിഷയത്തിൽ സുപ്രീം കോടതി നേരിട്ട് ഇടപെട്ട് ഉത്തരവിറക്കിയിരുന്നു. അതു വൻതോതിൽ വിമർശനവിധേയമായിരുന്നു.

തെരുവുനായ ശല്യം ഇല്ലാതാക്കാൻ കഴിയുന്ന അനിമൽ ബർത്ത് കൺട്രോൾ നടപ്പിലാക്കാനെടുത്ത നടപടിക്രമങ്ങളെക്കുറിച്ചായിരുന്നു കോടതി സത്യവാങ്മൂലം തേടിയത്. ഓഗസ്റ്റ് 22നായിരുന്നു ഇത്. ഇന്ന് ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത, എൻ.വി. അൻജാരിയ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ച് സത്യവാങ്മൂലം നൽകാത്ത സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരോട് ഹാജരാകാൻ നിർദേശം നൽകിയത്. ഈ സംസ്ഥാനങ്ങൾക്കു പുറമെ ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ മാത്രമാണ് സത്യവാങ്മൂലം നൽകിയത്.

‘‘സംഭവങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. വിദേശ രാജ്യങ്ങളുടെ കണ്ണിൽ രാജ്യത്തിന്റെ പ്രതിച്ഛായ തകർന്നു എന്ന് ചിത്രീകരിക്കപ്പെടുന്നു. ഞങ്ങൾ വാർത്തകളും വായിക്കുന്നുണ്ട്’’ – ജസ്റ്റിസ് വിക്രംനാഥ് പറഞ്ഞു. അതേസമയം, ഡൽഹി സർക്കാർ എന്തുകൊണ്ടാണ് സത്യവാങ്മൂലം സമർപ്പിക്കാത്തതെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ അർച്ചന പഥക് ഡേവിനോട് ജസ്റ്റിസ് വിക്രം നാഥ് ചോദിച്ചു. ‘‘എന്തുകൊണ്ടാണ് ഡൽഹി സർക്കാർ സത്യവാങ്മൂലം സമർപ്പിക്കാതിരുന്നത്? ചീഫ് സെക്രട്ടറി വിശദീകരണം നൽകണം… അല്ലാത്തപക്ഷം പിഴ ചുമത്തുകയും നിർബന്ധിത നടപടികൾ സ്വീകരിക്കുകയും ചെയ്യും… എല്ലാ സംസ്ഥാനങ്ങൾക്കും / കേന്ദ്രഭരണ പ്രദേശങ്ങൾക്കും നോട്ടിസുകൾ നൽകിയിരുന്നു… നിങ്ങളുടെ ഉദ്യോഗസ്ഥർ പത്രങ്ങളോ സമൂഹമാധ്യമങ്ങളോ വായിക്കാറില്ലേ? എല്ലാവരും ഇത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്… അവർക്ക് അറിവുണ്ടെങ്കിൽ മുന്നോട്ട് വരണം! നവംബർ 3 ന് എല്ലാ ചീഫ് സെക്രട്ടറിമാരും ഹാജരാകണം’’ – ജസ്റ്റിസ് വിക്രം നാഥ് പറഞ്ഞു.

You might also like

ജാലിസ്കോ കാർട്ടലിന് കനത്ത പ്രഹരം; കുപ്രസിദ്ധ മാഫിയാ തലവനെ വധിച്ചെന്ന് മെക്സിക്കൻ സൈന്യം

ആരോഗ്യമേഖലയിൽ ജീവനക്കാരുടെ കുറവ്; ബ്രിട്ടീഷ് കൊളംബിയയിൽ പ്രസവചികിത്സാ സേവനങ്ങൾ അവതാളത്തിൽ, ആശുപത്രികളിൽ മെറ്റേണിറ്റി യൂണിറ്റുകൾ അടച്ചുപൂട്ടുന്നു

നയതന്ത്ര യുദ്ധം രൂക്ഷമാകുന്നു: യുഎസ് അംബാസഡർക്ക് വിലക്കേർപ്പെടുത്തി ഫ്രാൻസ്

തീപിടുത്തത്തിന് സാധ്യത, ‘ലോജിക്സ്’ പവർ ബാങ്കുകൾക്ക് ഹെൽത്ത് കാനഡയുടെ വിലക്ക്; 20,000 പവർ ബാങ്കുകൾ തിരിച്ചുവിളിക്കുന്നു

മോഷണക്കേസിൽ പ്രതി: ഇന്ത്യൻ പൗരനെ കാനഡ നാടുകടത്തി

യാത്രക്കാർ വലയും; യുഎസ് ഗവൺമെന്റ് ഷട്ട്ഡൗണിനെ തുടർന്ന് നെക്സസ് സെന്ററുകൾ അടച്ചു

Top Picks for You
Top Picks for You