ഓട്ടവ: കാനഡയിൽ ധനികരും ദരിദ്രരും തമ്മിലുള്ള വരുമാനത്തിലെ അന്തരം റെക്കോർഡ് ഉയരത്തിലെത്തിയതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ. രാജ്യത്തെ ഏറ്റവും ഉയർന്ന വരുമാനമുള്ളതും താഴ്ന്ന വരുമാനമുള്ളതുമായ കുടുംബങ്ങൾ തമ്മിലുള്ള വരുമാന അന്തരം, 2025ൻ്റെ ആദ്യ പാദത്തിൽ, റെക്കോർഡ് ഉയരത്തിലെത്തിയതായാണ് സ്റ്റാറ്റിസ്റ്റിക്സ് കാനഡ പറയുന്നത്.
സാമ്പത്തിക വർഷത്തിലെ ആദ്യ മൂന്ന് മാസങ്ങളിലെ കണക്കുകൾ വിലയിരുത്തുമ്പോൾ, ദരിദ്ര വിഭാഗക്കാരായ കുടുംബങ്ങളെ അപേക്ഷിച്ച്, സമ്പന്ന കുടുംബങ്ങൾക്ക് കൂടുതൽ പണം ചെലവഴിക്കാൻ പാകത്തിൽ കയ്യിലുണ്ടായിരുന്നു. രണ്ട് വിഭാഗങ്ങളും തമ്മിലുള്ള വ്യത്യാസം 49 ശതമാനം പോയിൻ്റുകളായി വർദ്ധിച്ചതായും സ്റ്റാറ്റിറ്റിക്സ് കാനഡ വ്യക്തമാക്കുന്നു. കൊവിഡിന് ശേഷം ഓരോ വർഷവും, ഈ വ്യത്യാസം വർദ്ധിച്ചതായും സ്റ്റാറ്റിസ്റ്റിക്സ് കാനഡ പറയുന്നു.
2025ൻ്റെ ആദ്യ പാദത്തിൽ, സമ്പന്നരായ കുടുംബങ്ങൾക്ക് അവരുടെ നിക്ഷേപങ്ങളിൽ നിന്ന് കൂടുതൽ പണം ലഭിച്ചു. എന്നാൽ ദരിദ്ര കുടുംബങ്ങളുടെ വേതനം കുറഞ്ഞതിനാൽ അവരുടെ വരുമാനത്തിലും കുറവുണ്ടായി. 2025ൻ്റെ ആദ്യ പാദത്തിൽ, ഏറ്റവും ദരിദ്രരായ 20 ശതമാനം കുടുംബങ്ങളുടെ വരുമാനത്തിൽ കഴിഞ്ഞ വർഷത്തേക്കാൾ 3.2 ശതമാനം വർദ്ധന മാത്രമേ ഉണ്ടായിട്ടുള്ളൂ. മറുവശത്ത്, ഏറ്റവും സമ്പന്നരായ 20 ശതമാനം കുടുംബങ്ങളുടെ വരുമാനത്തിൽ വലിയ കുതിച്ചുചാട്ടമാണ് ഉണ്ടായത്. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 7.7 ശതമാനം വർദ്ധനവാണ് അവർക്കുണ്ടായത്.