അമേരിക്കയുടെ കിഴക്കന്‍ തീരത്ത് ശക്തമായ കൊടുങ്കാറ്റും അതിശൈത്യവും തുടരുന്നു. കനത്ത മഞ്ഞുവീഴ്ചയെത്തുടര്‍ന്ന് ന്യൂയോര്‍ക്ക്, ന്യൂജേഴ്സി ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ വര്‍ഷങ്ങള്‍ക്കിടയിലെ ഏറ്റവും വലിയ മഞ്ഞുവീഴ്ചയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കനത്ത കാറ്റില്‍ മരങ്ങള്‍ ഒടിഞ്ഞുവീഴാനും വൈദ്യുതി തടസ്സപ്പെടാനും സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
കൊടുങ്കാറ്റിനെത്തുടര്‍ന്ന് വ്യോമഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടു. ഞായറാഴ്ച മാത്രം 3,300-ലധികം വിമാനങ്ങള്‍ റദ്ദാക്കി. തിങ്കളാഴ്ച നിശ്ചയിച്ചിരുന്ന 4,800 വിമാനങ്ങളും മുന്‍കൂട്ടി റദ്ദാക്കിയിട്ടുണ്ട്. ഹിമപാത മേഖലയിലെ പ്രധാന വിമാനത്താവളങ്ങളെല്ലാം പ്രവര്‍ത്തനം നിര്‍ത്തിവച്ചതോടെ അയ്യായിരത്തിലധികം വിമാന സര്‍വീസുകള്‍ വൈകുകയും ചെയ്തു. യാത്രക്കാര്‍ക്ക് കര്‍ശന യാത്രാവിലക്കുകള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
ന്യൂജേഴ്സി, കണക്റ്റിക്കട്ട്, മസാച്യുസെറ്റ്സ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ മഞ്ഞുനീക്കാനുള്ള പ്ലാവ് ഫ്‌ലീറ്റുകള്‍, ഹീറ്റിംഗ് സെന്ററുകള്‍, ഷെല്‍ട്ടറുകള്‍ എന്നിവ സജ്ജമാക്കിയിട്ടുണ്ട്. ബ്രോഡ്വേ ഷോകള്‍ ഉള്‍പ്പെടെയുള്ള വിനോദപരിപാടികള്‍ റദ്ദാക്കി. ആര്‍ലിംഗ്ടണ്‍ നാഷണല്‍ സെമിത്തേരി പോലുള്ള പ്രധാന കേന്ദ്രങ്ങള്‍ താല്‍ക്കാലികമായി അടച്ചു. വിനാശകരമായ കാറ്റും കനത്ത മഞ്ഞും കാരണം റോഡുകള്‍ ഗതാഗതയോഗ്യമല്ലാതായതോടെ ജനജീവിതം പൂര്‍ണ്ണമായും സ്തംഭിച്ച അവസ്ഥയിലാണ്.







