ആൽബെർട്ട: പ്രയറീസ് പ്രവിശ്യകളിൽനിന്നുള്ള കാട്ടുതീ പുക കാരണം കാനഡയിലുടനീളം കനത്ത പുകമഞ്ഞ് വ്യാപിക്കുന്നു. മുന്നറിയിപ്പ് നൽകി എൺവയോൺമെന്റ് കാനഡ. വാൻകുവർ ഐലൻഡ് മുതൽ ഷാർലറ്റ്ടൗൺ വരെയുള്ള ഭാഗങ്ങളിൽ മങ്ങിയതും പൊടിപടലങ്ങൾ നിറഞ്ഞതുമായ അന്തരീക്ഷമാണ്. പുക കാരണം ദൃശ്യപരത കുറയുകയും വായുവിന്റെ ഗുണനിലവാരം മോശമാവുകയും ചെയ്യുന്നതായി എൺവയോൺമെന്റ് കാനഡ പറയുന്നു.
പടിഞ്ഞാറ് ബ്രിട്ടീഷ് കൊളംബിയ മുതൽ കിഴക്ക് ന്യൂബ്രൺസ്‌വിക്ക്, പ്രിൻസ് എഡ്വേർഡ് ഐലൻഡ് വരെ പുകമഞ്ഞ് വ്യാപിച്ചുകിടക്കുകയാണ്. വടക്കുപടിഞ്ഞാറൻ പ്രദേശങ്ങളുടെ തെക്കൻ ഭാഗങ്ങളും ആൽബെർട്ട, സസ്‌ക്കാച്ചെവൻ, മാനിറ്റോബ, ഒന്റാരിയോ എന്നിവയുടെ ഭാഗങ്ങളിലും പുകമഞ്ഞ് വ്യാപിച്ചുകിടക്കുകയാണ്. ഈ പ്രവിശ്യകളിൽ വായുഗുണനിലവാര മുന്നറിയിപ്പുകൾ നിലനിൽക്കുന്നതായും ഉയർന്ന അളവിൽ വായു മലിനീകരണമുള്ളതായും ഏജൻസി പറഞ്ഞു.
ബീസി, ആൽബെർട്ട, ക്യുബെക്ക് എന്നിവടങ്ങളിലെ ചില പ്രദേശങ്ങളും വായുഗുണനിലവാര മുന്നറിയിപ്പിന് കീഴിലാണ്. പുക വർധിക്കുന്നതിനൊപ്പം ആരോഗ്യപരമായ അപകടസാധ്യതകളും വർധിക്കുന്നതായി എയർക്വാളിറ്റി സ്റ്റേറ്റ്‌മെന്റിൽ പറയുന്നു. കണ്ണ്, മൂക്ക്, തൊണ്ട എന്നിവയ്ക്ക് വായുമലിനീകരണം മൂലം അസ്വസ്ഥത ഉണ്ടാക്കുമെന്ന് ഏജൻസി പറഞ്ഞു. അതേസമയം, കാട്ടുതീ പുകയിൽ അടങ്ങിയിട്ടുള്ള സൂക്ഷ്മകണികകൾ ഏത് പ്രായക്കാരുടെയും ആരോഗ്യത്തെ സാരമായി ബാധിക്കുമെന്നും എൺവയോൺമെന്റ് കാനഡ മുന്നറിയിപ്പ് നൽകി.