തിരുവല്ല: സുവിശേഷകനും എഴുത്തുകാരനുമായ ഷാജി ഏബ്രഹാമിന്റെ പുതിയ പുസ്തകം “ഏബ്രഹാമിന്റെ അഞ്ചാം സുവിശേഷം” ഒക്ടോബർ രണ്ടിനു പ്രകാശനം ചെയ്യും. കുമ്പനാട് വൈഎം സിഎയിൽ ഉച്ചയ്ക്ക് 2:30നു നടക്കുന്ന സമ്മേളനത്തൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പുസ്തകത്തിന്റെ പ്രകാശനം കർമ്മം നിർവഹിക്കും. ബിഷപ്പ് ഗീവർഗീസ് മോർ കൂറിലോസ്, മോസ്റ്റ് റെവ. തോമസ് ഏബ്രഹാം, മുൻ രാജ്യസഭാ ഉപാധ്യക്ഷൻ പ്രഫ. പി.ജെ. കുര്യൻ, ആന്റോ ആന്റണി എംപി, മാധ്യമപ്രവർത്തകൻ സണ്ണികുട്ടി ഏബ്രഹാം തുടങ്ങി വിവിധ സാംസ്‌കാരിക ആത്മീയ പ്രമുഖർ പങ്കെടുക്കും. സമ്മേളനത്തിൽ പ്രവാസലോകത്തിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള പ്രമുഖരേ ആദരിക്കും.
അഞ്ചാം സുവിശേഷം, ക്രിസ്‌തുവിന്റെയും ശിഷ്യന്മാരുടെയും ആ കാലത്തിലെ ജനങ്ങളുടെയും ജീവിതവും അവരുടെ വൈകാരിക അനുഭവങ്ങളും ഒപ്പിയെടുത്തു വായനക്കാരന് കൂടുതൽ മനസ്സിലാക്കികൊടുക്കുന്ന ഒരു ദൃശ്യാവിഷ്ക്കാരമാണ്. ഇതൊരു സുവിശേഷ തിരക്കഥയാണ്, സുവിശേഷത്തിലെ കഥാപാത്രങ്ങളോടൊപ്പം നീണ്ടനാൾ താമസ്സിച്ചു അവരുടെ ചെറിയ ചലനങ്ങൾപ്പോലും വീക്ഷിച്ച ഒരുവൻ എഴുതുന്നതുപോലെ തോന്നിപ്പിക്കുന്ന ഒരു പുസ്തകമാണിത്. ക്രിസ്തുവിന്റെ സമകാലികരായി ജീവിക്കുന്ന ഒരു തോന്നൽ നൽകും ഇതിന്റെ ഓരോ താളുകളും. ആ കാലഘത്തിലേക്കു നടന്നടുക്കുന്ന അനുഭവം ഇതിന്റെ വായനക്കാർക്കു നല്കുന്നു. ചിലപ്പോൾ ഇതിലെ കഥാപാത്രങ്ങൾ നമ്മിലൊരാളായി മാറുകയോ അല്ലെങ്കിൽ അവരെപ്പോലെ നാം ആകുകയോ ചെയ്യുന്നു. അഞ്ചാം സുവിശേഷം, ഒരു കാലഘട്ടത്തെ വായനക്കാർക്കുമുമ്പിൽ വരച്ചു കാട്ടുന്ന അമൂല്യ ഗ്രന്ഥമാണ്.
ഈ പുസ്തകത്തെക്കുറിച്ച് പ്രശസ്ത എഴുത്തുകാരനും ധ്യാനഗുരുവുമായ ഫാ. ബോബി ജോസ് കട്ടിക്കാടിന്റെ വിലയിരുത്തൽ പ്രസക്തമാണ്. “മാനുഷികമായി വിചാരിച്ചാൽ അത്ര എളുപ്പമല്ല ഈ പുസ്തകത്തിൻ്റെ പൂർത്തികരണം എന്ന് ഞാൻ കരുതുന്നു. കർത്താവിൻ്റ കാൽച്ചുവട്ടിൽ ഇരിക്കുകയെന്ന ജീവൻ്റെ നല്ല അംശം തെരഞ്ഞെടുത്ത ഒരാൾക്കു മാത്രം സാധ്യമായ ഒന്നാണിത്. ആണിപ്പാടുള്ള ഒരു കരം ഈ രചനയിൽ എഴുത്തുകാരന് കൂട്ടു വന്നിട്ടുണ്ടാവും. എൺപത്തി നാലാം സങ്കീർത്തനത്തിൽ നമ്മൾ പാടിക്കേൾക്കുന്ന മീവൽ പക്ഷിയെപോലെ അയാൾ കർത്താവിൻ്റെ ആലയത്തിൽ സദാ പാർക്കാൻ നിശ്ചയിച്ചൊരാളാണ്. അവിടുന്ന് അയാളെ സദാ കടാക്ഷിക്കുകയും ചെയ്യുന്നു. പ്രസാദമുള്ള ഭാഷ സമ്മാനിക്കുന്നു. നിങ്ങൾ കേട്ടു കൊണ്ടിരിക്കുന്ന വാക്കുകൾ നിങ്ങളെ ശുദ്ധീകരിക്കുമെന്ന യേശു മൊഴിയുടെ അനുബന്ധ ശുശ്രൂഷയായിട്ടാണ് എനിക്കിതിൻ്റെ വായന അനുഭവപ്പെട്ടത്. അകത്തും പുറത്തുമുള്ള അനവധിയായ സഞ്ചാരങ്ങളിലേർപ്പെട്ട് പൊടി പുരളുന്ന നമ്മുടെ ആത്മാവിനെ ഇതിൻ്റെ പാരായണം വെടിപ്പുള്ളതാക്കും. ഓരോ താളിലും മുഴങ്ങുന്ന ഇടയൻ്റെ ദണ്ഡിൻ്റെ പ്രതിധ്വനികൾ പേരറിയാത്ത ഒരു കരച്ചിലിലെത്തിക്കും.
അതിൽ രക്ഷയുടെ സുവിശേഷമുണ്ട് “
ഗ്രന്ഥകാരന്റെ ഇതര കൃതികൾ: ഇരുളിലെ കെടാവിളക്കുകൾ, ഇരുളിലെ നിക്ഷേപങ്ങൾ, ദൈവീക ന്യായവിധികൾ.







