കീവ്: യുക്രെയ്ൻ നഗരമായ ഹർകീവിൽ റഷ്യയുടെ വൻ ഡ്രോണാക്രമണം. ഒൻപതു പേർക്കു പരുക്കേറ്റതായാണ് റിപ്പോർട്ടുകൾ. ഹർകീവിലെ വനിതാ–ശിശു ആശുപത്രിക്കു നേരെയുണ്ടായ ആക്രമണത്തിൽ കെട്ടിടത്തിനു കേടുപറ്റി. ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന സ്ത്രീകളെയും കുഞ്ഞുങ്ങളെയും മറ്റൊരു ആരോഗ്യകേന്ദ്രത്തിലേക്കു മാറ്റി. കിഴക്കൻ യുക്രെയ്നിലെ ഡൊണെട്സ്കിലുള്ള സെലെന ഡോളിന ഗ്രാമം പിടിച്ചതായി റഷ്യ അവകാശപ്പെട്ടു.
മോസ്കോയിലെ യുദ്ധവിമാന പ്ലാന്റിലും മിസൈൽ നിർമാണ കേന്ദ്രത്തിലും യുക്രെയ്ൻ ഡ്രോണാക്രമണം നടത്തി. രണ്ടിടത്തും സ്ഫോടനവും തീപിടിത്തവും ഉണ്ടായതായി യുക്രെയ്ൻ സൈന്യം അറിയിച്ചു. ലിപെട്സ്ക്, ടൂള മേഖലകളിലെ യുക്രെയ്ൻ ഡ്രോണാക്രമണങ്ങളിൽ 2 പേർ മരിച്ചതായി റഷ്യൻ അധികൃതർ പറഞ്ഞു. കഴിഞ്ഞ മാസം മാത്രം യുക്രെയ്നിൽ 232 പേർ കൊല്ലപ്പെട്ടെന്ന് യുഎൻ കണക്കുകൾ പുറത്തുവിട്ടു.
ഇതേസമയം, യുക്രെയ്നിന്റെ പുനർനിർമാണത്തിനായി സ്വകാര്യ കമ്പനികളുൾപ്പെടെ നിക്ഷേപം നടത്താൻ തയാറാകണമെന്ന് റോമിൽ നടന്ന യോഗത്തിൽ യൂറോപ്യൻ നേതാക്കൾ ആഹ്വാനം ചെയ്തു. യുക്രെയ്നിനു വേണ്ടി യൂറോപ്യൻ കമ്മിഷൻ ഇക്വിറ്റി ഫണ്ട് രൂപീകരിച്ചു.