കനേഡിയൻ ഉപയോക്താക്കൾക്കായി പുതിയ സാറ്റലൈറ്റ്-ടു-മൊബൈൽ ടെക്സ്റ്റ് മെസ്സേജിങ് സേവനവുമായി റോജേഴ്സ് കമ്മ്യൂണിക്കേഷൻസ്. ചൊവ്വാഴ്ച മുതൽ പ്രവർത്തനം ആരംഭിച്ച ‘റോജേഴ്സ് സാറ്റലൈറ്റ്’, സെൽ സേവനമില്ലാത്ത പ്രദേശങ്ങളിൽ പോലും ഫോണുകൾ പ്രവർത്തിക്കാൻ പറ്റും. ഭ്രമണപഥത്തിലുള്ള ഉപഗ്രഹങ്ങളെയും റോജേഴ്സിന്റെ നാഷണൽ വയർലെസ് സ്പെക്ട്രത്തെയും ആശ്രയിച്ചാണ് സാറ്റലൈറ്റ് സേവനം പ്രവർത്തിക്കുന്നത്. മിക്ക ആധുനിക സ്മാർട്ട്ഫോണുകളിലും ഇത് ഉപയോഗിക്കാനാകും. ഈ സേവനം പരീക്ഷിക്കാൻ ആഗ്രഹിക്കുന്ന കാനഡക്കാർക്ക് സൗജന്യ ബീറ്റാ ട്രയൽ ലഭ്യമാണെന്നും റോജേഴ്‌സ് പറയുന്നു.
റോക്കി പർവതനിരകളിലോ, ഒറ്റപ്പെട്ട ഹൈവേകളിലോ, ഹഡ്‌സൺ ബേയുടെയും സെന്റ് ലോറൻസ് ഗൾഫിന്റെയും തീരങ്ങളിലോ പോലും ഉപയോക്താക്കൾക്ക് സന്ദേശങ്ങൾ അയക്കാനും, 911-ലേക്ക് അടിയന്തര സന്ദേശം അയക്കാനും ഈ സേവനം വഴി സാധിക്കുമെന്ന് റോജേഴ്സ് അറിയിച്ചു. ഈ നൂതന സാങ്കേതികവിദ്യ കാനഡയിലെ 54 ലക്ഷം ചതുരശ്ര കിലോമീറ്ററിലധികം സ്ഥലങ്ങളിൽ കവറേജ് നൽകുന്നു. ഇത് മറ്റേതൊരു കനേഡിയൻ വയർലെസ് കാരിയറിനേക്കാളും രണ്ടര ഇരട്ടി കൂടുതലാണെന്ന് റോജേഴ്സ് അവകാശപ്പെടുന്നു.