ടൊറൻ്റോ: പുതിയ ഭവനങ്ങളുടെ ലഭ്യതയിൽ ഗണ്യമായ വർദ്ധന ഉണ്ടായില്ലെങ്കിൽ 2032 ആകുമ്പോഴേക്കും ടൊറൻ്റോയിലെ ശരാശരി വീടുകളുടെ വില 1.8 മില്യൺ ഡോളറാകുമെന്ന് റിപ്പോർട്ട്. വാൻകൂവറിൽ വീടുകളുടെ വില 2.8 മില്യൺ ഡോളറായി ഉയരുമെന്നും കോൺകോർഡിയ സർവകലാശാലയും സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ ഇക്വിറ്റണും നടത്തിയ പുതിയ ഗവേഷണം കണ്ടെത്തി.
കോൺകോർഡിയയിലെ ജോൺ മോൾസൺ സ്കൂൾ ഓഫ് ബിസിനസിലെ അസോസിയേറ്റ് പ്രൊഫസറായ എർകാൻ യോണ്ടർ ആണ് പഠനത്തിന് നേതൃത്വം നൽകിയത്. വിലകൾ നിയന്ത്രിച്ച് നിർത്താൻ കാനഡയിലെ ഏറ്റവും വലിയ നഗരങ്ങൾക്ക് എത്രത്തോളം പുതിയ വീടുകൾ കൂടുതലായി ആവശ്യമുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. അംഗീകാരം ലഭിക്കുന്നതിനുള്ള കാലതാമസമോ നിർമ്മാണ ചെലവുകളോ ഭവന നിർമ്മാണത്തെ എത്രത്തോളം നേരിട്ട് ബാധിക്കുമെന്നതിനെക്കുറിച്ചുള്ള വിശദമായ വിവരങ്ങളും പഠനത്തിലുണ്ട്.
കാനഡയിലെ ഭവന മേഖലയുമായി ബന്ധപ്പെട്ട പ്രശ്നം വളരെക്കാലമായി സജീവ ചർച്ചാവിഷയമാണ്. അടുത്ത 10 വർഷത്തിനുള്ളിൽ ഭവന നിർമ്മാണ നിരക്ക് ഇരട്ടിയാക്കുമെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വാഗ്ദാനം ചെയ്തിരുന്നു . ജനസംഖ്യാ വളർച്ചയെക്കുറിച്ചുള്ള സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ കണക്കുകൾ വിലയിരുത്തുമ്പോൾ, പുതിയ ഭവനങ്ങൾ നിർമ്മിക്കുന്നത് ഇരട്ടിയാക്കുന്നത് വ്യത്യസ്ത നഗരങ്ങളിൽ വ്യത്യസ്തമായ ഫലങ്ങൾ ഉണ്ടാക്കുമെന്ന് കോൺകോർഡിയ ഗവേഷണം കാണിക്കുന്നു. എന്നാൽ ടൊറന്റോയിലും വാൻകൂവറിലും വിലയിലുള്ള വർദ്ധന സ്ഥിരപ്പെടുത്താൻ സാധ്യതയുണ്ട് എന്നും ഇതിൽ പറയുന്നു.