കാനഡയിലുടനീളം ഇലക്ട്രിക് സ്‌കൂട്ടര്‍ (ഇ-സ്‌കൂട്ടര്‍) അപകടങ്ങളില്‍ വര്‍ധനവുണ്ടായതായി കനേഡിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് ഇന്‍ഫര്‍മേഷന്റെ(CIHI) പുതിയ റിപ്പോര്‍ട്ട്. കുട്ടികള്‍, കൗമാരക്കാര്‍, സ്ത്രീകള്‍ എന്നിവര്‍ക്കാണ് ഇ-സ്‌കൂട്ടര്‍ അപകടങ്ങളില്‍ പരുക്കേല്‍ക്കുന്നതെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
വ്യാഴാഴ്ച പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, 2022-നും 2024-നും ഇടയില്‍ 5 നും 17 നും ഇടയില്‍ പ്രായമുള്ള കുട്ടികളുടെയും യുവാക്കളുടെയും ഇ-സ്‌കൂട്ടര്‍ അപകടവുമായി ബന്ധപ്പെട്ട ആശുപത്രി പ്രവേശനങ്ങളില്‍ 61% വര്‍ധനവുണ്ടായി. ഇതേ കാലയളവില്‍, സ്ത്രീകള്‍ക്കിടയിലെ പരുക്കുകള്‍ 60% വര്‍ധിച്ചപ്പോള്‍, 18 നും 64 നും ഇടയില്‍ പ്രായമുള്ള പുരുഷന്മാരുടെ ആശുപത്രി പ്രവേശനങ്ങളില്‍ 22% വര്‍ധന ഉണ്ടായി. ഇ-സ്‌കൂട്ടറുമായി ബന്ധപ്പെട്ട അപകടങ്ങളില്‍ ഭൂരിഭാഗവും ഒന്റാരിയോ, കെബെക്ക്, ആല്‍ബര്‍ട്ട, ബ്രിട്ടീഷ് കൊളംബിയ എന്നീ പ്രവിശ്യകളിലാണെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
ഇ-സ്‌കൂട്ടറുകളുടെ വര്‍ധിച്ചുവരുന്ന ജനപ്രീതിയും വിലക്കുറവും, അപകടങ്ങളെക്കുറിച്ചുള്ള വിവരങ്ങളുടെ അഭാവവും പരുക്കുകളുടെ വര്‍ധനയ്ക്ക് കാരണമാകുന്നതായി ടൊറന്റോയിലെ സിക്ക്കിഡ്‌സ് ആശുപത്രിയിലെ എമര്‍ജന്‍സി ഫിസിഷ്യനായ ഡോ. ഡാനിയേല്‍ റോസന്‍ഫീല്‍ഡ്പറയുന്നു.