newsroom@amcainnews.com

നിലച്ചത് അനശ്വരമായ ആ നിത്യവിസ്മയ നാദം; മലയാളത്തിന്‍റെ ഒരു കാലഘട്ടത്തെ മധുരമോഹനമാക്കിയ ആ അഗാധ ശബ്ദസാഗരം ബാക്കിയായി

തൃശ്ശൂർ: അനശ്വരമായ ആ നിത്യവിസ്മയ നാദം നിലച്ചു. പ്രണയത്തിലും വിരഹത്തിലും ഭക്തിയിലുമെല്ലാം മലയാളികളുടെ ഹൃദയത്തിലും ചുണ്ടിലും എന്നും കൂട്ടായി നിലകൊണ്ടിരുന്നു മാധുരശബ്ദമായിരുന്നു ഭാവഗായകനായ പി. ജയചന്ദ്രന്റേത്. അനശ്വരഗാനങ്ങളിലൂടെ പാട്ടിന്റെ വസന്തം തീര്‍ത്ത സ്വരം. സിനിമാഗാനങ്ങളായും ലളിതഗാനങ്ങളായും ഭക്തിഗാനങ്ങളായും മലയാളത്തിന്‍റെ ഒരു കാലഘട്ടത്തെ മധുരമോഹനമാക്കിയ ആ അഗാധ ശബ്ദസാഗരം ബാക്കിയായി. അഞ്ച് പതിറ്റാണ്ടിനിടെ പതിനാറായിരത്തോളം ലളിതസുന്ദര ഗാനങ്ങൾ പാടിത്തീർത്താണ് അദ്ദേഹം വിടപറഞ്ഞത്.

മലയാളിയുടെ പ്രണയത്തിനും വിരഹത്തിനും സന്തോഷത്തിനും സന്താപത്തിനും കൂട്ടായി ആ ശബ്ദസൗഭഗമുണ്ടായിരുന്നു. മികച്ച ഗായകനുള്ള സംസ്ഥാനപുരസ്‌കാരം അഞ്ച് തവണയും ദേശീയ പുരസ്കാരം ഒരുതവണയും അദ്ദേഹത്തെ തേടിയെത്തി. തമിഴില്‍ കിഴക്ക് ചീമയിലെ എന്ന സിനിമയിലെ ‘കാത്താളം കാട്ടുവഴി’ ഗാനത്തിന് 1994-ലെ മികച്ച ഗായകനുള്ള അവാര്‍ഡ് ലഭിച്ചു. ‘രാസാത്തി ഉന്നൈ കാണാതെ നെഞ്ചം’ എന്ന ഒറ്റഗാനത്തിലൂടെ തമിഴകവും കീഴടക്കിയ ജയചന്ദ്രനോളം തമിഴില്‍ ശോഭിച്ച മറ്റൊരു മലയാളി ഗായകനുമുണ്ടാകില്ല. മലയാളത്തിനും തമിഴിനും പുറമെ തെലുങ്കിലും കന്നഡത്തിലും ഹിന്ദിയിലും ആ സ്വരം ഭാഷാതിര്‍ത്തികൾ ലംഘിച്ച് ആരാധകരെ സൃഷ്ടിച്ചു.

തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ വ്യാഴാഴ്ച രാത്രി 7.45-ഓടെയായിരുന്നു പി. ജയചന്ദ്രന്റെ അന്ത്യം. അര്‍ബുദരോഗബാധിതനായി ഏറെനാളായി ചികിത്സയിലായിരുന്നു. വ്യാഴാഴ്ച വൈകിട്ട് വീട്ടില്‍വച്ച് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. സംസ്‌കാരം ശനിയാഴ്ച വൈകിട്ട് 3.30-ന് ചേന്ദമംഗലം പാലിയത്ത് വീട്ടില്‍. വെള്ളിയാഴ്ച രാവിലെ എട്ട് മണിക്ക് മൃതദേഹം തൃശ്ശൂര്‍ പൂങ്കുന്നത്ത് വീട്ടില്‍ എത്തിക്കും. പത്ത് മുതല്‍ 12 മണിവരെ തൃശ്ശൂര്‍ സംഗീത നാടക അക്കാദമിയില്‍ പൊതുദര്‍ശനം നടക്കും.

1944 മാര്‍ച്ച് മൂന്നിന് എറണാകുളം ജില്ലയിലെ രവിപുരത്തായിരുന്നു രവിവര്‍മ്മ കൊച്ചനിയന്‍ തമ്പുരന്റേയും പാലിയത്ത് സുഭദ്രക്കുഞ്ഞമ്മയുടേയും അഞ്ച് മക്കളില്‍ മൂന്നാമനായി ജയചന്ദ്രന്റെ ജനനം. 1958-ലെ സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ യേശുദാസ് ശാസ്ത്രീയ സംഗീതത്തിൽ ഒന്നാം സ്ഥാനം നേടിയപ്പോൾ ജയചന്ദ്രന് മൃദംഗത്തിലായിരുന്നു ഒന്നാം സ്ഥാനം.

ഇരങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ നിന്ന് സുവോളജിയില്‍ ബിരുദം നേടി,1966-ല്‍ ചെന്നൈയില്‍ പ്യാരി കമ്പനിയില്‍ കെമിസ്റ്റായി. അതേവര്‍ഷം കുഞ്ഞാലിമരയ്ക്കാര്‍ എന്ന ചിത്രത്തിനുവേണ്ടി പി. ഭാസ്‌കരന്‍-ചിദംബരനാഥ് ടീമിന്റെ ഗാനമാണ് ആദ്യമായി പാടിയതെങ്കിലും കളിത്തോഴനിലെ മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി എന്ന ഗാനമായിരുന്നു ആദ്യം പുറത്തുവന്നത്. ആ ഒരൊറ്റ ഗാനത്തോടെ ജയചന്ദ്രന് പിന്തിരിഞ്ഞുനോക്കേണ്ടിവന്നില്ല. ഹൃദയഹാരിയായ നിരവധി ഗാനങ്ങളിലൂടെ സംഗീതാസ്വാദകരുടെ മനസുകളില്‍ കുടിയേറിയ ജയചന്ദ്രനെ മലയാളികള്‍ ഭാവഗായകനായി ഹൃദയത്തിൽ ഏറ്റെടുത്തു. ചിദംബരനാഥില്‍ തുടങ്ങി മലയാളത്തിലെ ഒട്ടുമിക്ക സംഗീതസംവിധായകരുടെയും ഗാനങ്ങള്‍ ആലപിക്കാന്‍ ഭാഗ്യമുണ്ടായി. പി.ഭാസ്‌കരനും വയലാറും മുതല്‍ പുതിയതലമുറയിലെ ബി.കെ ഹരിനാരായണന്‍ വരെയുള്ള കവികളുടെ വരികള്‍ക്ക് ആ ശബ്ദത്തിലൂടെ ജീവന്‍തുടിച്ചു. രാസാത്തി ഉന്നൈ കാണാതെ നെഞ്ചം… എന്ന ഗാനം ശബ്ദതരംഗമായി തമിഴ്‌സിനിമയെ കീഴടക്കി.

ഉദ്യോഗസ്ഥയിലെ അനുരാഗ ഗാനം പോലെ, സി.ഐ.ഡി നസീറിലെ നിന്‍ മണിയറയിലെ, പ്രേതങ്ങളുടെ താഴ് വരയിലെ മലയാള ഭാഷതന്‍ മാദകഭംഗി, ഉമ്മാച്ചുവിലെ ഏകാന്ത പഥികന്‍ ഞാന്‍, മായയിലെ സന്ധ്യക്കെന്തിന് സിന്തൂരം, ശാസ്ത്രം ജയിച്ചു മനുഷ്യന്‍ തോറ്റു എന്ന ചിത്രത്തിലെ ചന്ദനത്തില്‍ കടഞ്ഞെടുത്തൊരു അങ്ങനെ മലയാളികള്‍ ഒരിക്കലും മറക്കാത്ത നൂറുകണക്കിന് ഗാനങ്ങള്‍ ജയചന്ദ്രന്റെ സ്വരമാധുരിയില്‍ പുറത്തുവന്നു.

1986-ല്‍ ശ്രീനാരായണ ഗുരു എന്ന ചിത്രത്തിലെ ശിവശങ്കര സര്‍വ ശരണ്യവിഭോ എന്ന ഗാനത്തിലൂടെ ജയചന്ദ്രനെത്തേടി മികച്ച ഗായകനുള്ള ദേശീയ പുരസ്‌കാരമെത്തി. അഞ്ചുതവണയാണ് ജയചന്ദ്രന്‍ മികച്ച ഗായകനുള്ള സംസ്ഥാനപുരസ്‌കാരം സ്വന്തമാക്കിയത്. 1972-ല്‍ പണിതീരാത്ത വീട് എന്ന സിനിമയിലെ നീലഗിരിയുടെ സഖികളേ, 1978-ല്‍ ബന്ധനത്തിലെ രാഗം ശ്രീരാഗം, 2000-ല്‍ നിറത്തിലെ പ്രായം നമ്മില്‍ മോഹം നല്‍കി, 2004-ല്‍ തിളക്കത്തിലെ നീയൊരു പുഴയായ്, 2015-ല്‍ ജിലേബിയിലെ ഞാനൊരു മലയാളി.., എന്നും എപ്പോഴുമിലെ മലര്‍വാകക്കൊമ്പത്തെ, എന്ന് നിന്റെ മൊയ്തീനിലെ ശാരദാംബരം എന്നീ ഗാനങ്ങളായിരുന്നു അവ. 1994-ല്‍ കിഴക്ക് സീമയിലേ എന്ന ചിത്രത്തിലെ കട്ടാഴം കാട്ടുവഴി എന്ന ഗാനത്തിലൂടെ മികച്ച ഗായകനുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ പുരസ്‌കാരവും ജയചന്ദ്രന്‍ സ്വന്തമാക്കി. തമിഴ് ചലച്ചിത്ര സംഗീതത്തിന് നല്‍കിയ സംഭാവനകള്‍ക്കുള്ള അംഗീകാരമെന്ന നിലയില്‍ 1997-ല്‍ തമിഴ്നാട് സര്‍ക്കാരിന്റെ കലൈമാമണി അവാര്‍ഡിനും അദ്ദേഹം അര്‍ഹനായി. 2021-ല്‍ കേരളം അദ്ദേഹത്തെ ജെ.സി.ഡാനിയല്‍ പുരസ്‌കാരം നല്‍കി ആദരിച്ചു.

മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ജയചന്ദ്രന്‍ സംഗീതസാന്നിധ്യമായി. എം.എസ്.വിശ്വനാഥനാണ് ജയചന്ദ്രനെ തമിഴില്‍ അവതരിപ്പിച്ചത്. 1973 ല്‍ പുറത്തിറങ്ങിയ ‘മണിപ്പയല്‍’ എന്ന സിനിമയിലെ ‘തങ്കച്ചിമിഴ് പോല്‍…’ ആയിരുന്നു ജയചന്ദ്രന്റെ ആദ്യ തമിഴ്ഗാനം. രാസാത്തി ഉന്നെ കാണാതെ നെഞ്ച് (വൈദേഹി കാത്തിരുന്താള്‍), മയങ്കിനേന്‍ സൊല്ല തയങ്കിനേന്‍ (നാനേ രാജ നാനേ മന്തിരിയില്‍ നിന്ന്), വാഴ്കയേ വേഷം (ആറിലിരുന്തു അറുപതു വരൈ), പൂവാ എടുത്തു ഒരു (അമ്മന്‍ കോവില്‍ കിഴക്കാലെ), താലാട്ടുതേ വാനം (കടല്‍ മീന്‍കള്‍), കാതല്‍ വെണ്ണിലാ (വാനത്തെ പേലെ), ഒരു ദൈവം തന്ത പൂവേ(കന്നത്തില്‍ മുത്തമിട്ടാള്‍), കനവെല്ലാം പലിക്കുതേ (കിരീടം) തുടങ്ങിയവ അതില്‍ ചിലതുമാത്രം.

2008 ല്‍ എ. ആര്‍. റഹ്‌മാന്‍ സംഗീതം നല്‍കിയ ‘ADA … എ വേ ഓഫ് ലൈഫ്” എന്ന ചിത്രത്തിനായി അല്‍ക യാഗ്‌നിക്കിനൊപ്പം പാടിക്കൊണ്ട് ജയചന്ദ്രന്‍ ആദ്യമായി ഹിന്ദി ഗാനരംഗത്തേയ്ക്കും പ്രവേശനം നടത്തി. 1982-ല്‍ പുറത്തിറങ്ങിയ എവരു വീരു എവരു വീരുവാണ് ജയചന്ദ്രന്‍ ഗാനമാലപിച്ച ആദ്യ തെലുങ്ക് ചിത്രം. 24 ചിത്രങ്ങളിലാണ് തെലുങ്കില്‍ അദ്ദേഹം ആലപിച്ചത്. കന്നഡയിലും 20-ഓളം ചിത്രങ്ങള്‍ക്കായി ഗാനം ആലപിച്ചു. സിനിമാഗാനങ്ങള്‍ക്ക് പുറമേ ജയചന്ദ്രന്‍ ആലപിച്ച ഭക്തിഗാനങ്ങളും ആസ്വാദക മനസുകളില്‍ ഇടംപിടിച്ചവയാണ്. പുഷ്പാഞ്ജലി എന്ന ആല്‍ബത്തിലെ ഗാനങ്ങള്‍ ഇന്നും ക്ലാസിക് ആയി നിലകൊള്ളുന്നു. ഇതിന് പുറമേ തമിഴില്‍ ദൈവ ദര്‍ശനം, താഗം, പാതൈ തുടങ്ങിയ ക്രിസ്തീയ ഭക്തിഗാന ആല്‍ബങ്ങളിലും പാടി.

യേശുദാസിന്റെ ഗന്ധര്‍വസാന്നിധ്യത്തിലും ജയചന്ദ്രന്റെ കിന്നരനാദം വേറിട്ടുനിന്നു. തൊണ്ണൂറുകളുടെ അവസാനം മലയാള ഗാനശാഖയിലെ വൻമരങ്ങൾ ഒന്നൊന്നായി പിൻവാങ്ങിയതോടെ ജയചന്ദ്രനും പാട്ടുകൾ കുറഞ്ഞു. പല ഗാനസംവിധായകരോടും അദ്ദേഹത്തിനും യോജിച്ചുപോവാൻ പറ്റാതായി. എന്തിനും തയ്യാറായി പുതിയ ഗായകർ രംഗത്തുവന്നതോടെ ജയചന്ദ്രന്റെ നല്ല കാലം തീർന്നെന്ന് സകലരും കരുതി. എന്നാൽ, 1999-ൽ റിലീസ് ചെയ്ത നിറം എന്ന സിനിമയിലെ പ്രായം നമ്മിൽ മോഹം നൽകി എന്ന ഒരൊറ്റ ഗാനത്തിലൂടെ ഗാനസിംഹാസനം വീണ്ടും ജയചന്ദ്രനു സ്വന്തമായി. 2014-ലും ഈ മാജിക് ആവർത്തിച്ചു. നിറം എന്ന സിനിമയ്ക്ക് മുമ്പും ശേഷവും എന്ന് രണ്ട് ഘട്ടമായി പി.ജയചന്ദ്രന്റെ പാട്ടുജീവിതം ചരിത്രമായി നില്‍ക്കുന്നു.

പ്രായം കടന്നതോടെ ജയചന്ദ്രന് ഹിറ്റുകൾ കുറഞ്ഞുതുടങ്ങി. അപ്പോഴാണ് 1983 എന്ന സിനിമയിലെ ഓലഞ്ഞാലി കുരുവീ… എന്ന ഗാനം കേരളം മുഴുവൻ അലയടിച്ചത്. പിന്നീട് അനാരോഗ്യം മൂലം കുറച്ചുകാലം വീണ്ടും ഗാനരംഗത്തുനിന്ന് വിട്ടുനിന്നെങ്കിലും വീണ്ടും അദ്ദേഹം ഒരു ഗുരുവായൂർ ഭക്തിഗാനം പാടാൻ മൈക്കിന് മുന്നിലെത്തി. 2024 സെപ്റ്റംബര്‍ 21-ന് ആയിരുന്നു അത്.

You might also like
Why heavy rain repeatedly triggers landslides in Kerala

എന്തുകൊണ്ട് കനത്ത മഴ കേരളത്തിൽ വീണ്ടും വീണ്ടും ഉരുൾപൊട്ടലിന് കാരണമാകുന്നു?

ബില്ലി ബിഷപ്പ് വിമാനത്താവള വിവാദത്തിൽ പോർട്ട് അതോറിറ്റിക്കെതിരെ ഉറച്ച നിലപാടുമായി ഒലിവിയ ചൗ

US Green Card Update: EB-1 Visa Category for Indians May Become Temporarily Unavailable If Limit Reached

യുഎസ് ഗ്രീൻ കാർഡ് അപ്ഡേറ്റ്: പരിധി പൂർത്തിയായാൽ ഇന്ത്യാക്കാർക്കുള്ള ഇബി-1 (EB-1) വിസ വിഭാഗം താൽക്കാലികമായി നിർത്തലാക്കാൻ സാധ്യത

Soil Excavation and Heavy Downpours: Details of Malappuram's Natural Disasters and Prevention Measures

മണ്ണെടുപ്പും പെരുമഴയും: മലപ്പുറത്തെ പ്രകൃതിദുരന്തങ്ങളുടെയും പ്രതിരോധത്തിന്റെയും വിശദാംശങ്ങൾ

Trump cancels airstrike against Iran; claims 'deal perimeters' reached

ഇറാനെതിരെയുള്ള വ്യോമാക്രമണം ട്രംപ് റദ്ദാക്കി; ‘കരാറിന്റെ അടിസ്ഥാന രൂപരേഖയായി’ എന്ന് അവകാശവാദം

ആൽബർട്ടയിൽ നിര്യാതനായ ജിൻ്റോ ജോസിനായി ഗോഫണ്ട് സമാഹരണം ആരംഭിച്ചു

Top Picks for You
Top Picks for You