ബ്രിട്ടീഷ് കൊളംബിയ: ബ്രട്ടീഷ് കൊളമ്പിയ വിട്ടുപോകുന്ന ആളുകളുടെ എണ്ണം റെക്കോർഡിലേക്ക് എത്തുന്നു. കൂടുതൽ ആളുകളും ആൽബെർട്ടയിലേക്കും ഒൻ്റാരിയോയിലേക്കുമാണ് കുടിയേറുന്നത്. മികച്ച തൊഴിലവസരങ്ങൾക്കും ജീവിതശൈലിക്കും വേണ്ടി പലരും മാറിത്താമസിക്കുന്ന ഒരു സ്ഥലമായിരുന്നു ബിസി. എന്നാൽ ഇപ്പോൾ അങ്ങനെയല്ലെന്ന് സൂചിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. അന്തർ പ്രവിശ്യാ കുടിയേറ്റം നിരീക്ഷിച്ച ബ്രിട്ടീഷ് കൊളംബിയ ബിസിനസ് കൗൺസിലിൻ്റെ നിരീക്ഷണ പ്രകാരം കഴിഞ്ഞ കുറച്ച് വർഷങ്ങളായി മറ്റ് പ്രവിശ്യകളിലേക്കുള്ള ബിസി നിവാസികളുടെ കുടിയേറ്റം ഏകദേശം 70,000 ആയി വർദ്ധിച്ചിട്ടുണ്ട്. ഇത് ഒരു റെക്കോർഡ് ആണെന്ന് ബിസിനസ് കൗൺസിൽ പറഞ്ഞു.
പുറത്തേക്കുള്ള കുടിയേറ്റം 1998 ൽ 64,000 ഉം 1975 ൽ 65,000 ഉം എത്തിയതായിരുന്നു ഇതിന് മുൻപുള്ള ഏറ്റവും ഉയർന്ന നിരക്ക്. അതേസമയം, കാനഡയിലെ മറ്റ് പ്രവിശ്യകളിൽ നിന്ന് ബിസിയിലേക്ക് മാറുന്ന ആളുകളുടെ എണ്ണം ഏകദേശം 55,000 ആയി കുറഞ്ഞുവെന്ന് റിപ്പോർട്ട് കണ്ടെത്തി. ഇത് ദീർഘകാല ശരാശരിയായ 62,000 ൽ താഴെയാണ്. പ്രവിശ്യ വിട്ടു പോയതിൻ്റെ കാരണം തേടി മൂവായിരം പേരിൽ 36 ശതമാനവും ചൂണ്ടിക്കാട്ടിയത് ഭവന മേഖലയിലെ പ്രശ്നങ്ങളാണ്. 28 ശതമാനം പേർ നികുതിയടക്കമുള്ള പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയപ്പോൾ 23 ശതമാനം പേർ തൊഴിലുമായി ബന്ധപ്പെട്ട വിഷയങ്ങൾ മൂലമാണ് ബിസി വിട്ടത്.