ആൽബെർട്ടയുടെ വിദ്യാഭ്യാസമന്ത്രിയെ സ്ഥാനഭ്രഷ്ടനാക്കാനുള്ള റീ കോൾ ഹർജിയ്ക്ക് അനുമതി. കാൽഗറി-ബോ നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ഡെമെട്രിയോസ് നിക്കോളൈഡ്സിനെതിരെയുള്ള റീക്കോൾ ഹർജി അപേക്ഷയാണ് ആൽബെർട്ടയുടെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അംഗീകരിച്ചത്.
നിക്കോളൈഡ്സ്, പൊതു വിദ്യാഭ്യാസ സമ്പ്രദായം കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെടുന്നു എന്നാണ് അപേക്ഷയിൽ ജെന്നിഫർ യെരെമിയ പറയുന്നത്. വിദ്യാർത്ഥികളെക്കൊണ്ട് തിങ്ങിനിറഞ്ഞ ക്ലാസ് മുറികളും മതിയായ ജീവനക്കാരില്ലാത്ത സ്കൂളുകളും ഉൾപ്പെടെ വിദ്യാഭ്യാസ മേഖല നിരവധി വെല്ലുവിളികൾ നേരിടുന്നുണ്ട്. പക്ഷെ നിക്കോളൈഡ്സിൻ്റെ പ്രവർത്തനങ്ങൾ അവസരത്തിനൊത്തുയരുന്നില്ലെന്നാണ് പരാതി. എന്നാൽ റീക്കോൾ പ്രക്രിയ തെറ്റായ കാരണങ്ങൾക്ക് വേണ്ടി ഉപയോഗിക്കുകയാണെന്നാണ് ഇതിനോട് നിക്കോളൈഡ്സിൻ്റെ മറുപടി.
നിയമസഭാംഗങ്ങൾ നീതിപൂർവ്വമല്ലാതെ പ്രവർത്തിക്കുകയോ പൊതുജനവിശ്വാസം ലംഘിക്കുകയോ ചെയ്യുമ്പോൾ ഉപയോഗിക്കേണ്ട ഒന്നാണ് റീകോൾ ഹർജി. അല്ലാതെ വെറും സർക്കാർ നയങ്ങളിലുള്ള അസംതൃപ്തിയെ തുടർന്ന് ഉപയോഗിക്കേണ്ടതല്ലെന്നും നിക്കോളൈഡ്സ് പറയുന്നു.
നിക്കോളൈഡ്സ് 2023-ൽ തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ആ മണ്ഡലത്തിൽ പോൾ ചെയ്ത ആകെ വോട്ടുകളുടെ 60 ശതമാനം, അതായത് ഏകദേശം 16,000 ഒപ്പുകളാണ് റീകോൾ ഹർജിയ്ക്കായി വേണ്ടത്. ഇത് ശേഖരിക്കാൻ അപേക്ഷകന് മൂന്ന് മാസത്തെ സമയമുണ്ട്.







