ഫർഹാൻ അക്തർ സംവിധാനം ചെയ്യുന്ന ‘ഡോൺ 3’ (Don 3) എന്ന ചിത്രത്തിൽ നിന്ന് പെട്ടെന്ന് പിന്മാറിയ നടൻ രൺവീർ സിങ്ങിനെതിരെ ശക്തമായ നിലപാടുമായി ഫെഡറേഷൻ ഓഫ് വെസ്റ്റേൺ ഇന്ത്യ സിനി എംപ്ലോയീസ് (FWICE). ഈ വിഷയത്തിൽ നേരിട്ട് ഹാജരായി സംസാരിക്കണമെന്ന് ആവശ്യപ്പെട്ട് മൂന്ന് തവണ ഓർമ്മപ്പെടുത്തലുകൾ അയച്ചിട്ടും രൺവീർ പ്രതികരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഫിലിം ബോഡി താരത്തിനെതിരെ സഹകരണേതര (non-cooperation) നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.
തിങ്കളാഴ്ച മുംബൈയിൽ നടന്ന വാർത്താ സമ്മേളനത്തിൽ FWICE ചീഫ് അഡ്വൈസർ അശോക് പണ്ഡിറ്റ് ആണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ഏപ്രിൽ 11-നാണ് ഫർഹാൻ അക്തർ ഇത് സംബന്ധിച്ച് പരാതി നൽകിയതെന്നും, ചിത്രത്തിന്റെ ഷൂട്ടിംഗിനായി സിനിമാ സംഘം തിരിക്കുന്നതിന് വെറും മൂന്നാഴ്ച മാത്രം ബാക്കിയുള്ളപ്പോഴാണ് രൺവീർ ചിത്രത്തിൽ നിന്ന് അപ്രതീക്ഷിതമായി പിന്മാറിയതെന്നും അദ്ദേഹം വ്യക്തമാക്കി.
പരാതി ലഭിച്ചതിനെത്തുടർന്ന്, തങ്ങളുടെ ഭാഗം വിശദീകരിക്കാനായി ചിത്രത്തിന്റെ നിർമ്മാതാക്കളായ എക്സൽ എന്റർടൈൻമെന്റിന്റെ റിതേഷ് സിദ്ധ്വാനിയെയും ഫർഹാൻ അക്തറിനെയും ഫിലിം ബോഡി ക്ഷണിച്ചിരുന്നു. ഇതനുസരിച്ച് റിതേഷ് സിദ്ധ്വാനി FWICE ഓഫീസിൽ നേരിട്ടെത്തുകയും, ലണ്ടനിലുള്ള ഫർഹാൻ അക്തർ സൂം (Zoom) വഴി യോഗത്തിൽ പങ്കെടുക്കുകയും ചെയ്തു.






