ബ്രേസ്ബ്രിഡ്ജ്: അത്യാഹിതങ്ങളും ദുരന്തങ്ങളും ഉണ്ടാകുമ്പോൾ പ്രാദേശിക സമൂഹങ്ങളെ സംരക്ഷിക്കുന്നതിനായി ഒന്റാരിയോ സർക്കാർ ‘ഒന്റാരിയോ കോപ്സ്’ (Ontario Corps) പദ്ധതി വ്യാപിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി ഒന്റാരിയോ സ്റ്റോൺ, സാൻഡ് ആൻഡ് ഗ്രാവൽ അസോസിയേഷനെ (OSSGA) പുതിയ പങ്കാളിയായി സർക്കാർ സ്വാഗതം ചെയ്തു. അടിയന്തര സാഹചര്യങ്ങളിൽ അസോസിയേഷന്റെ അംഗങ്ങളുടെ സേവനവും നിർമ്മാണ ഉപകരണങ്ങളും ഇതിലൂടെ പ്രയോജനപ്പെടുത്താം. പ്രാദേശിക അടിയന്തര സാഹചര്യങ്ങളിൽ വേഗത്തിൽ ഇടപെടാനും സുപ്രധാന വിഭവങ്ങൾ ലഭ്യമാക്കാനും സന്നദ്ധരായ പങ്കാളികളുടെയും സന്നദ്ധപ്രവർത്തകരുടെയും ഒരു ശൃംഖലയാണ് ഒന്റാരിയോ കോപ്സിലൂടെ സർക്കാർ രൂപീകരിക്കുന്നത്.
വെള്ളപ്പൊക്കം, കാട്ടുതീ തുടങ്ങിയ അടിയന്തര സാഹചര്യങ്ങളിൽ മുനിസിപ്പാലിറ്റികളെ സഹായിക്കാൻ കനത്ത യന്ത്രസാമഗ്രികളും വിദഗ്ദ്ധ സേവനവും ലഭ്യമാക്കാൻ ഒന്റാരിയോ കോപ്സ് നെറ്റ്‌വർക്കിലൂടെ സാധിക്കുമെന്ന് അത്യാഹിത പ്രതിരോധ മന്ത്രി ജിൽ ഡൺലപ് വ്യക്തമാക്കി. എക്സ്കവേറ്ററുകൾ, ബുൾഡോസറുകൾ, ട്രക്കുകൾ, മഞ്ഞുനീക്കം ചെയ്യുന്ന യന്ത്രങ്ങൾ, ജനറേറ്ററുകൾ, പമ്പുകൾ തുടങ്ങിയ നിർമ്മാണ ഉപകരണങ്ങൾ ആവശ്യമുള്ളപ്പോൾ ലഭ്യമാക്കാൻ ഒന്റാരിയോ സ്റ്റോൺ, സാൻഡ് ആൻഡ് ഗ്രാവൽ അസോസിയേഷന് കഴിയും. വെള്ളപ്പൊക്കം തടയൽ, അവശിഷ്ടങ്ങൾ നീക്കം ചെയ്യൽ, പുനർനിർമ്മാണ പ്രവർത്തനങ്ങൾ എന്നിവയ്ക്ക് ഈ ഉപകരണങ്ങൾ സഹായകരമാകും.
ദുരന്തബാധിത പ്രദേശങ്ങളിൽ 24 മുതൽ 72 മണിക്കൂറിനുള്ളിൽ ഒന്റാരിയോ കോപ്സ് സംഘത്തിന് എത്തിച്ചേരാനാകും. ഉദ്യോഗസ്ഥർ, അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്ന ഉപകരണങ്ങൾ, പ്രളയ പ്രതിരോധ തടസ്സങ്ങൾ, ഡ്രോണുകൾ തുടങ്ങിയവ ഇവർ വിന്യചിക്കും. എല്ലാത്തരം തൊഴിൽ പശ്ചാത്തലത്തിലുള്ളവർക്കും ഒന്റാരിയോ കോപ്സിൽ സന്നദ്ധപ്രവർത്തകരായി ചേരാവുന്നതാണ്. വളണ്ടിയർമാർക്ക് ആവശ്യമായ പരിശീലനം നൽകുകയും അവരുടെ താല്പര്യങ്ങൾക്കും കഴിവുകൾക്കും അനുസരിച്ച് പങ്കാളി സംഘടനകളുമായി ബന്ധിപ്പിക്കുകയും ചെയ്യും.







