ഓട്ടവ: കാനഡയിൽ കൂടുതൽ കുടിയേറ്റ നിയന്ത്രണങ്ങൾക്കായി പ്രീമിയർമാർ സമ്മർദ്ദം ചെലുത്തുമ്പോൾ ഇക്കാര്യങ്ങളിൽ ചർച്ച ആവശ്യമാണെന്ന് വിദഗ്ദ്ധർ. ഇമിഗ്രേഷൻ സംവിധാനത്തിൽ കൂടുതൽ പ്രാദേശിക നിയന്ത്രണം വേണമെന്നാണ് ചില പ്രീമിയർമാർ വാദിക്കുന്നത്. എന്നാൽ കുടിയേറ്റ പരിഷ്കരണത്തെക്കുറിച്ചുള്ള ദേശീയ ചർച്ചകളാണ് വേണ്ടതെന്നാണ് വിദഗ്ദ്ധർ പറയുന്നത്. കുടിയേറ്റക്കാരിലെ വിവിധ വിഭാഗങ്ങളെക്കുറിച്ചും അവരുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചും പഠിക്കുകയോ വിലയിരുത്തുകയോ ചെയ്യാതെ പെട്ടെന്ന് രൂപപ്പെടുത്തിയതാണ് ഇപ്പോഴത്തെ മിക്ക നയങ്ങളുമെന്നാണ് അക്കാദമിക് വിദഗ്ദ്ധനും കുടിയേറ്റ നയത്തെക്കുറിച്ചുള്ള പുസ്തകങ്ങളുടെ സഹ രചയിതാവുമായ മൈക്കൽ ട്രെബിൽകോക്ക് പറയുന്നത്.
കഴിഞ്ഞ മാസം അവസാനം ഒൻ്റാരിയോയിലെ ഹണ്ട്സ്വില്ലിൽ നടന്ന മൂന്ന് ദിവസത്തെ യോഗത്തിൽ പ്രാദേശിക തൊഴിൽ ആവശ്യങ്ങളനുസരിച്ച് വൈദഗ്ധ്യമുള്ള കൂടുതൽ കുടിയേറ്റക്കാരെ കൊണ്ടുവരണമെന്ന് ആവശ്യമുയർന്നിരുന്നു. വർക്ക് പെർമിറ്റുകൾ നൽകുന്നതിൽ ഉൾപ്പടെ കുടിയേറ്റത്തിൽ കൂടുതൽ നിയന്ത്രണത്തിനായി തങ്ങളുടെ ഭരണഘടനാ അധികാരങ്ങൾ ഉപയോഗിക്കുമെന്നും അവർ വ്യക്തമാക്കുകയുണ്ടായി. എന്നാൽ അഭയം തേടുന്നവർക്ക് വർക്ക് പെർമിറ്റ് നൽകുമെന്ന തൻ്റെ പ്രഖ്യാപനത്തിൽ നിന്ന് ഒൻ്റാരിയോ പ്രീമിയർ ഡഗ് ഫോർഡ് പിന്നീട് പിൻവാങ്ങിയിരുന്നു.