കാൽഗറി: കാൽഗറി ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് ഡൗൺടൗണിലേക്കും അവിടെ നിന്ന് ബാൻഫിലേക്കും പാസഞ്ചർ റെയിൽ സർവീസ് ഉടൻ യാഥാർത്ഥ്യമാകുന്നു. ഫെഡറൽ, പ്രൊവിൻഷ്യൽ സർക്കാരുകളുടെ സമീപകാല പ്രഖ്യാപനങ്ങൾ സൂചിപ്പിക്കുന്നതും ഇതാണ്. കാനഡ പുതുതായി പാസാക്കിയ ബിൽഡിംഗ് കാനഡ ആക്ടിന് കീഴിൽ ദേശീയ താൽപ്പര്യ പദ്ധതികളായി പരിഗണിക്കാവുന്ന പദ്ധതിയാണിത്.
ജൂൺ അവസാനം പുറത്തിറങ്ങിയ ആൽബെർട്ട സർക്കാരിന്റെ പാസഞ്ചർ റെയിൽ മാസ്റ്റർ പ്ലാൻ അപ്‌ഡേറ്റിൽ പ്രവിശ്യയിലെ 91 ശതമാനം ആളുകളും 2030 ഓടെ പാസഞ്ചർ റെയിൽ പ്രവർത്തനക്ഷമമാകാൻ ആഗ്രഹിക്കുന്നതായി പറയുന്നു. 80 ശതമാനം പേർ വികസനത്തിൽ പ്രവിശ്യാ നിക്ഷേപത്തെ പിന്തുണയ്ക്കുന്നു. പ്രവിശ്യയിലെ 20,000 ത്തിലധികം പേരിൽ നടത്തിയ സർവേയിൽ കാൽഗറിയിൽ നിന്ന് എഡ്മന്റണിലേക്കും ബാൻഫിലേക്കും പദ്ധതി ആവശ്യമാണെന്ന് അഭിപ്രായമുയർന്നു. ഭാവിയിലെ പ്രാദേശിക റെയിൽ ശൃംഖലകളുടെ പ്രധാന റൂട്ടുകളായിരിക്കും ഇവയെന്നും സർവേ റിപ്പോർട്ടിൽ പറയുന്നു.
പദ്ധതി വരുന്നതോടെ റോഡുകളിലെ തിരക്ക് കുറയ്ക്കാനും ടൂറിസം വർധിപ്പിക്കാനും മലനീകരണം കുറയ്ക്കാനും അഫോർഡബിൾ ഭവന നിർമാണത്തിന് പിന്തുണയേകാനും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാൽഗറിയിലെ എയർപോർട്ട് റെയിൽ കണക്ഷൻ സ്റ്റഡിയുമായി ഈ പദ്ധതി യോജിക്കുന്നു. ഇത് വിമാനത്താവളത്തിൽ നിന്ന് സിപികെസി റെയിൽ ഇടനാഴി വഴി റിവേഴ്‌സ് ഡിസ്ട്രിക്റ്റിലെ ഗ്രാൻഡ് സെൻട്രൽ സ്റ്റേഷനിലേക്ക് തടസ്സമില്ലാത്ത യാത്ര വാഗ്ദാനം ചെയ്യുന്നു.