പലസ്തീന്‍ വിദ്യാര്‍ത്ഥി വീസ അപേക്ഷാ നടപടികള്‍ വേഗത്തിലാക്കാന്‍ കനേഡിയന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ട് അക്കാദമിക് വിദഗ്ധരുടെ സംഘടന. കനേഡിയന്‍ സര്‍വകലാശാലകളില്‍ പ്രവേശനം ലഭിച്ചിട്ടും രാജ്യത്ത് എത്താന്‍ കഴിയാതെ രണ്ട് പലസ്തീന്‍ വിദ്യാര്‍ത്ഥിനികള്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് സന്നദ്ധ സംഘടനയായ പലസ്തീനിയന്‍ സ്റ്റുഡന്റ്‌സ് ആന്‍ഡ് സ്‌കോളേഴ്‌സ് അറ്റ് റിസ്‌ക് നെറ്റ്വര്‍ക്ക് ചെയര്‍മാന്‍ അയ്മാന്‍ ഒവൈദ ഇക്കാര്യം അറിയിച്ചത്. പലസ്തീനിലെ ഇരട്ട സഹോദരിമാരായ വിദ്യാര്‍ത്ഥിനികള്‍ ഡിസംബറില്‍ ഗാസയിലുണ്ടായ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.
ഗാസയുമായി കാനഡയ്ക്ക് നയതന്ത്ര ബന്ധമില്ലാത്തതിനാല്‍, വിദ്യാര്‍ത്ഥികള്‍ക്ക് വീസ അപേക്ഷകള്‍ പൂര്‍ത്തിയാക്കാന്‍ ആവശ്യമായ ബയോമെട്രിക് വിവരങ്ങള്‍ രേഖപ്പെടുത്താന്‍ സാധിക്കുന്നില്ല എന്നതാണ് പ്രധാന പ്രശ്‌നം. ഇതോടെ, കനേഡിയന്‍ സര്‍വകലാശാലകളില്‍ പ്രവേശനം ലഭിച്ച 70 പലസ്തീന്‍ വിദ്യാര്‍ത്ഥികളുടെ വീസ അപേക്ഷകള്‍ കെട്ടിക്കിടക്കുകയാണ്. കൊല്ലപ്പെട്ട രണ്ട് വിദ്യാര്‍ത്ഥിനികള്‍ക്ക് പുറമെ, 15 വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ അടുത്ത ബന്ധുക്കളെ നഷ്ടപ്പെട്ടതായും ഒവൈദ പറഞ്ഞു.
യുക്രൈന്‍, സിറിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെപ്പോലെ തങ്ങളെയും പരിഗണിക്കണമെന്ന് ഗാസയില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികള്‍ കനേഡിയന്‍ സര്‍ക്കാരിനോട്അഭ്യര്‍ത്ഥിച്ചു.