newsroom@amcainnews.com

പാക്കിസ്താനിലെ ട്രെയിൻ റാഞ്ചൽ: ബന്ദികളാക്കിയ യാത്രക്കാരെ മോചിപ്പിച്ചു, 21 ബന്ദികളെയും നാലു സൈനികരെയും ബിഎൽഎ വധിച്ചു; ഏറ്റുമുട്ടലിൽ 33 ബിഎൽഎ അംഗങ്ങൾ കൊല്ലപ്പെട്ടു

ക്വറ്റ: പാക്കിസ്താനിൽ ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ) റാഞ്ചിയ ട്രെയിനിലെ ബന്ദികളാക്കിയ യാത്രക്കാരെ മോചിപ്പിച്ചെന്ന് അധികൃതരെ ഉദ്ധരിച്ച് എഎഫ്പി റിപ്പോർട്ട് ചെയ്തു. ബിഎൽഎയ്‌ക്കെതിരായ ഏറ്റുമുട്ടൽ അവസാനിച്ചെന്നാണു വിവരം. ആകെ 346 ബന്ദികളെയാണു മോചിപ്പിച്ചത്. ഏറ്റുമുട്ടലിൽ 33 ബിഎൽഎ അംഗങ്ങൾ കൊല്ലപ്പെട്ടു. 21 ബന്ദികളെയും നാലു സൈനികരെയും ബിഎൽഎ വധിച്ചു.

എങ്ങനെയാണു ബന്ദികളുടെ മോചനം സാധ്യമായതെന്ന വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. പാക്ക് ജയിലിൽ കഴിയുന്ന ബിഎൽഎ തടവുകാരെ മോചിപ്പിച്ചാൽ മാത്രമേ ബാക്കി ബന്ദികളെ വിട്ടയയ്ക്കൂ എന്നായിരുന്നു ബിഎൽഎയുടെ നിലപാട്. സൈന്യം ഇടപെട്ടാൽ ബന്ദികളെ കൊലപ്പെടുത്തുമെന്നും ബിഎൽഎ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ, ഈ ഭീഷണി അവഗണിച്ച് പാക്ക് സൈന്യം വ്യോമാക്രമണം നടത്തിയിരുന്നു. സ്ത്രീകളെയും കുട്ടികളെയും പ്രായമായവരെയും ബലൂച് പൗരരെയും ആദ്യമേ വിട്ടയച്ചതായി ബിഎൽഎ വ്യക്തമാക്കി.

ആകെ 450 യാത്രക്കാരാണു ട്രെയിനിൽ ഉണ്ടായിരുന്നത്. പാക്കിസ്ഥാന്റെ തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ ബലൂചിസ്ഥാന്റെ തലസ്ഥാനമായ ക്വറ്റയിൽനിന്നു വടക്കൻ പാക്കിസ്ഥാനിലെ ഖൈബർ പഖ്തൂൺക്വ പ്രവിശ്യയിലെ പെഷാവറിലേക്കു പോകുകയായിരുന്ന ജാഫർ എക്സ്പ്രസാണു മഷ്കഫ് തുരങ്കത്തിൽ ആക്രമിക്കപ്പെട്ടത്. ബിഎൽഎയുടെ ചാവേർസംഘമായ മജീദ് ബ്രിഗേഡിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം.

വിസ്തൃതിയിൽ പാക്കിസ്ഥാന്റെ മൂന്നിൽ രണ്ടോളം വരുന്ന മേഖലയാണ് ബലൂചിസ്ഥാൻ. എന്നാൽ, പാക്ക് ജനസംഖ്യയുടെ അഞ്ചിലൊന്നേ ഇവിടെയുള്ളൂ. പ്രകൃതിവാതക നിക്ഷേപവും ധാതുക്കളും കൊണ്ടു സമ്പന്നമായ മേഖലയെ സർക്കാർ ചൂഷണം ചെയ്യുകയാണെന്നാരോപിച്ച് കാൽനൂറ്റാണ്ടു മുൻപാണ് ബിഎൽഎ സജീവമായത്. മുൻപും ഇവിടെ ട്രെയിനുകൾക്കുനേരെ ആക്രമണമുണ്ടായിട്ടുണ്ട്.

You might also like

എഴുപതോളം രാജ്യങ്ങള്‍ക്കുളള യുഎസ് അധിക തീരുവ പ്രാബല്യത്തില്‍

കാനേഡിയൻ ആരോഗ്യ വിവരങ്ങൾ ഭീഷണി നേരിടുന്നുവെന്ന് വിദഗ്ദ്ധർ; കാനഡക്കാരുടെ ആരോഗ്യ വിവരങ്ങൾ അമേരിക്കയ്ക്ക് ലഭിക്കാൻ സാധ്യതയെന്ന് മുന്നറിയിപ്പ്

നയാഗ്രയിൽ വാഹനങ്ങള്‍ക്ക് നേരെ കല്ലേറ്: ജാഗ്രതാ നിർദേശം നൽകി ഒപിപി

പ്രാണികൾ: കിര്‍ക്ക്‌ലാന്‍ഡ് ബസുമതി അരി തിരിച്ചു വിളിച്ച് കോസ്റ്റ്‌കോ കാനഡ

ഉയർന്ന താരിഫുമായി ബന്ധപ്പെട്ട് അമേരിക്കൻ ഉദ്യോഗസ്ഥരുമായി ചർച്ച: ഒരു പരിഹാരം ഇപ്പോഴും സാധ്യമായിട്ടില്ല, പക്ഷേ ചർച്ചകളിൽ പ്രതീക്ഷയുണ്ടെന്ന് കനേഡിയൻ മന്ത്രി ഡൊമനിക്ക് ലെബ്ലാങ്ക്

പലസ്തീനെ സ്വതന്ത്രരാഷ്ട്രമായി അംഗീകരിക്കും: കാർണി

Top Picks for You
Top Picks for You