പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്‍ഡ് പ്രീമിയര്‍ റോബ് ലാന്റ്സ് മാര്‍ക്ക് കാര്‍ണിയുമായി അടുത്താഴ്ച കൂടിക്കാഴ്ച നടത്തും. കോണ്‍ഫെഡറേഷന്‍ ബ്രിഡ്ജ് ടോള്‍ കുറയ്ക്കുന്നതുള്‍പ്പെടെയുള്ള വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും. ജൂലൈ 21 മുതല്‍ 23 വരെ ഒന്റാരിയോയില്‍ നടക്കുന്ന ഫസ്റ്റ് മിനിസ്റ്റേഴ്സ് മീറ്റിങിലും കൗണ്‍സില്‍ ഓഫ് ദി ഫെഡറേഷനിലും ലാന്റ്സ് പങ്കെടുക്കും.
‘കോണ്‍ഫെഡറേഷന്‍ ബ്രിഡ്ജിലെ ടോള്‍ 20 ഡോളറായി കുറയ്ക്കാനും വുഡ് ഐലന്‍ഡ്സ് ഫെറി ടോള്‍ പകുതിയാക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പ്രധാനമന്ത്രി കാര്‍ണിയുമായും അദ്ദേഹത്തിന്റെ സംഘവുമായും ഞാന്‍ നേരിട്ട് സംസാരിക്കും,’ ലാന്റ്സ് വെള്ളിയാഴ്ച പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ഏപ്രിലിലെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ കാര്‍ണി ടോള്‍ കുറയ്ക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. നിലവില്‍ കോണ്‍ഫെഡറേഷന്‍ ബ്രിഡ്ജ് ടോള്‍ 50.25 ഡോളറാണ്.
പുതിയ എംവി നോര്‍ത്തമ്പര്‍ലാന്‍ഡുമായി ബന്ധപ്പെട്ട് അടുത്തിടെയുണ്ടായ പ്രശ്നങ്ങളും കൂടിക്കാഴ്ചയില്‍ ഉന്നയിക്കാന്‍ ലാന്റ്സ് ഉദ്ദേശിക്കുന്നുണ്ട്. ‘നമ്മുടെ സമ്പദ്വ്യവസ്ഥയെ പിന്തുണയ്ക്കുന്നതിനും ഗതാഗത അടിസ്ഥാന സൗകര്യങ്ങളിലുള്ള വിശ്വാസം നിലനിര്‍ത്തുന്നതിനും സീസണിലുടനീളം സ്ഥിരമായ, രണ്ട് കപ്പലുകളുള്ള ഫെറി സര്‍വീസ് അനിവാര്യമാണ്,’ ലാന്റ്സ് പറഞ്ഞു.
കൗണ്‍സില്‍ ഓഫ് ദി ഫെഡറേഷന്‍ യോഗത്തില്‍ പങ്കെടുക്കുന്നതിലൂടെ
ആഭ്യന്തര വ്യാപാര തടസ്സങ്ങള്‍ ഇല്ലാതാക്കാനും, പുതിയ വ്യാപാര പങ്കാളിത്തങ്ങള്‍ കണ്ടെത്താനും, രാജ്യത്തുടനീളം തൊഴിലാളികളുടെ സഞ്ചാരം വര്‍ദ്ധിപ്പിക്കാനും തന്റെ സഹപ്രവര്‍ത്തകരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് ലാന്റ്സ് പ്രത്യാശ പ്രകടിപ്പിച്ചു. ‘യുണൈറ്റഡ് സ്റ്റേറ്റ്സുമായുള്ള നമ്മുടെ വ്യാപാര ബന്ധത്തിലെ നിലവിലുള്ള അനിശ്ചിതത്വം കണക്കിലെടുക്കുമ്പോള്‍, നമ്മുടെ ആഭ്യന്തര സാമ്പത്തിക ബന്ധങ്ങള്‍ ശക്തിപ്പെടുത്തുകയും നമ്മുടെ ഉത്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും ലോകമെമ്പാടും പുതിയ വിപണികള്‍ കണ്ടെത്താന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യേണ്ടത് എന്നത്തേക്കാളും പ്രധാനമാണ്,’ ലാന്റ്സ് പറഞ്ഞു.കാനഡയിലെ 13 പ്രവിശ്യകളിലെയും ടെറിട്ടറികളിലെയും പ്രധാനമന്ത്രിമാര്‍ ഒരുമിച്ചുകൂടുന്ന വേദിയാണ് കൗണ്‍സില്‍ ഓഫ് ദി ഫെഡറേഷന്‍.