ഇന്ത്യയിൽ നിന്ന് നാല് കിലോഗ്രാമിലധികം കഞ്ചാവ് ഇറക്കുമതി ചെയ്തതിന് ഓട്ടവ സ്വദേശിയായ ഇന്ത്യൻ വംശജനെതിരെ കേസ്. ടൊറൻ്റോയിലെ ഒരു കാർഗോ കേന്ദ്രത്തിൽ നിന്നാണ് കനേഡിയൻ അതിർത്തി ഉദ്യോഗസ്ഥർ വൻതോതിലുള്ള മയക്കുമരുന്ന് ശേഖരം കണ്ടെടുത്തത്. ഇന്ത്യയിൽ നിന്നുള്ള ചരക്ക് പരിശോധിക്കുന്നതിനിടെയാണ് ഇത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടത്. പിന്നീടിത് ഹെറോയിൻ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ഒപ്പിയം ആണെന്ന് പരിശോധനയിൽ തെളിഞ്ഞു.
തുടർന്ന് കൂടുതൽ അന്വേഷണത്തിനായി അവർ ഒൻ്റാരിയോ പ്രൊവിൻഷ്യൽ പോലീസുമായി ബന്ധപ്പെടുകയായിരുന്നു. ഒക്ടോബർ 24-ന്, ചരക്ക് എത്തിക്കേണ്ട വിലാസത്തിൽ അധികൃതർ പരിശോധന നടത്തി. തുടർന്ന് പൊലീസ് ഓട്ടവ സ്വദേശിയായ 33-കാരൻ സുനിൽ കുമാറിനെ അറസ്റ്റ് ചെയ്യുകയും കുറ്റങ്ങൾ ചുമത്തുകയും ചെയ്തു. ഡിസംബർ 2-ന് ഇയാളെ കോടതിയിൽ ഹാജരാക്കും. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.







