യുഎസില്‍ വ്യാപകമായ വിവാദങ്ങള്‍ക്കും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രകോപനത്തിനും കാരണമായ, ഒൻ്റാരിയോയുടെ താരിഫ് വിരുദ്ധ പരസ്യപ്രചാരണം താല്‍ക്കാലികമായി നിര്‍ത്തുകയാണെന്ന് പ്രീമിയര്‍ ഡഗ് ഫോര്‍ഡ് പ്രഖ്യാപിച്ചു. ഡഗ് ഫോര്‍ഡ് വെള്ളിയാഴ്ച കാനഡ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുമായി നടത്തിയ ഫോണ്‍സംഭാഷണത്തിന് ശേഷമാണ് തീരുമാനം. ‘തിങ്കളാഴ്ച മുതല്‍ പരസ്യം നിര്‍ത്തും, അതുവരെ അത് യുഎസ് ടിവി ചാനലുകളില്‍ ഉള്‍പ്പെടെ ബേസ്‌ബോള്‍ വേള്‍ഡ് സീരീസ് മത്സരങ്ങളിലൂടെയും പ്രദര്‍ശിപ്പിക്കും,’ എന്നും അദ്ദേഹം അറിയിച്ചു.
പരസ്യത്തില്‍ പ്രകോപിതനായ ട്രംപ് കാനഡയുമായുള്ള ‘വ്യാപാരചര്‍ച്ചകള്‍ അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു. പരസ്യത്തിന്റെ ഉള്ളടക്കം സംബന്ധിച്ച് ട്രംപ് ട്രൂത്ത് സോഷ്യലില്‍ ശക്തമായ പ്രതികരണമാണ് നടത്തിയത്. പരസ്യത്തിലെ ഉള്ളടക്കം ‘വ്യാജവും അങ്ങേയറ്റം നിന്ദ്യമായതും’ എന്നും വിശേഷിപ്പിച്ച ട്രംപ്, ‘വ്യാപാരചര്‍ച്ചകള്‍ ഇതോടെ അവസാനിക്കുന്നു’ എന്നാണ് പ്രഖ്യാപിച്ചത്. യുഎസ് മുന്‍ പ്രസിഡന്റ് റോണാള്‍ഡ് റീഗന്റെ 1987ലെ റേഡിയോ പ്രസംഗത്തിലെ ഭാഗങ്ങള്‍ ഉപയോഗിച്ചാണ് പരസ്യം തയ്യാറാക്കിയിരുന്നത്. താരിഫുകള്‍ ‘ഓരോ അമേരിക്കക്കാരനെയും ബാധിക്കുന്നതാണ്’ എന്ന് പ്രസംഗത്തില്‍ റീഗന്‍ പറഞ്ഞിരുന്നു. എന്നാല്‍ ‘തിരഞ്ഞെടുത്ത ഭാഗങ്ങള്‍ മാത്രം ഉപയോഗിച്ച് പ്രസംഗത്തെ തെറ്റായി പരസ്യത്തിലൂടെ അവതരിപ്പിച്ചിരിക്കുകയാണെന്ന് റോണാള്‍ഡ് റീഗന്‍ ഫൗണ്ടേഷന്‍ പ്രസ്താവനയിലൂടെ കുറ്റപ്പെടുത്തി. അനുമതിയില്ലാതെയാണ് റീഗന്റെ ശബ്ദവും ദൃശ്യങ്ങളും ഉപയോഗിച്ചതെന്നും അവര്‍ ആരോപിച്ചു.







