ആൽബെർട്ട: വടക്കേ അമേരിക്കയിൽ ഏറ്റവും കൂടുതൽ അഞ്ചാംപനി കേസുകൾ റിപ്പോർട്ട് ചെയ്തത് ആൽബെർട്ടയിലാണെന്ന് റിപ്പോർട്ട്. സമ്മർ സീസണിൽ കേസുകളുടെ എണ്ണം ഇനിയും ഉയർന്നേക്കാമെന്നും ഇത് ആശങ്കാജനകമാണെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു. ഒന്റാരിയോയിൽ സ്ഥിരീകരിച്ച കേസുകളുടെ ഇരട്ടിയിലധികം കേസുകളാണ് ആൽബെർട്ടയിൽ സ്ഥിരീകരിച്ചിരിക്കുന്നതെന്ന് ആൽബെർട്ട മുൻ ചീഫ് മെഡിക്കൽ ഓഫീസർ ഓഫ് ഹെൽത്ത് ഡോ. മാർക്ക് ജോഫ് പറഞ്ഞു.
ഒന്റാരിയോയിൽ അഞ്ചാം പനി പടർന്നുപിടിക്കാൻ ആരംഭിച്ചതിന് ശേഷം ഇതുവരെ 1,910 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. അതേസമയം, ആൽബെർട്ടയിൽ മാർച്ച് മാസം മുതൽ 1230 പേർക്ക് അഞ്ചാംപനി ബാധ സ്ഥിരീകരിച്ചതായി പ്രവിശ്യ റിപ്പോർട്ട് ചെയ്യുന്നു. പ്രവിശ്യയിൽ ഏറ്റവും വലിയ ഔട്ട്‌ഡോർ ഷോ എന്ന് വിശേഷിപ്പിക്കുന്ന കാൽഗറി സ്റ്റാംപീഡ്, വേനൽക്കാല ക്യാമ്പുകൾ, കുടുംബങ്ങളുടെ ഒത്തുചേരൽ,അന്തർ പ്രവിശ്യാ യാത്രകൾ എന്നിവ നടക്കുന്ന സമയമാണിപ്പോൾ. ഈ സാഹചര്യത്തിലാണ് അഞ്ചാംപനി ആശങ്കയായി മാറിയിരിക്കുന്നത്.
രോഗം ബാധിച്ചവരിൽ ഭൂരിഭാഗവും വാക്‌സിൻ എടുക്കാത്തവരാണെന്ന് എഎച്ച്എസ് അറിയിച്ചു. വാക്‌സിൻ സ്വീകരിക്കണമെന്നും എല്ലാവരും സുരക്ഷിതരായിരിക്കണമെന്നും അധികൃതർ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. സെന്റേർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ ഏറ്റവും പുതിയ ഡാറ്റ പ്രകാരം, ഈ വർഷം അമേരിക്കയിൽ 1288 അഞ്ചാംപനി കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.