കാനഡയിൽ വൈദ്യപരിചരണത്തിലെ പിഴവുകൾ റിപ്പോർട്ട് ചെയ്യാനും ആരോഗ്യസംരക്ഷണം കൂടുതൽ സുരക്ഷിതമാക്കാനും സഹായിക്കുന്ന ഒരു പുതിയ ഓൺലൈൻ പ്ലാറ്റ്‌ഫോം നിലവിൽ വന്നു. മെഡ്‌എറർ.സിഎ (MedError.ca) എന്ന് പേരുള്ള ഈ പ്ലാറ്റ്‌ഫോം വികസിപ്പിച്ചത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സേഫ് മെഡിക്കേഷൻ പ്രാക്ടീസസ് കാനഡയാണ് (ISMP Canada). രോഗികൾക്കും, കുടുംബാംഗങ്ങൾക്കും, ആരോഗ്യ പ്രവർത്തകർക്കും വൈദ്യപരിചരണത്തിലെ പിഴവുകൾ എളുപ്പത്തിലും സുരക്ഷിതമായും റിപ്പോർട്ട് ചെയ്യാൻ ഇതിലൂടെ അവസരം ലഭിക്കും.
കാനഡയിൽ വൈദ്യപിഴവുകൾ റിപ്പോർട്ട് ചെയ്യുന്നത് എല്ലായ്പ്പോഴും ബുദ്ധിമുട്ടായിരുന്നു. പല പ്രവിശ്യകളിലും തെറ്റുകൾ റിപ്പോർട്ട് ചെയ്യുന്നവരെ സംരക്ഷിക്കാനുള്ള ശക്തമായ നിയമങ്ങളും സംവിധാനങ്ങളും ഇപ്പോഴും ലഭ്യമല്ല. ശിക്ഷയെ ഭയക്കാതെ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെക്കാൻ ജനങ്ങൾക്ക് സുരക്ഷിതമായൊരു വഴിയൊരുക്കുകയാണ്MedError.ca. വൈദ്യപിഴവുകൾ ബാധിച്ചവർക്ക് വേണ്ടിയൊരു കമ്മ്യൂണിറ്റിയും മറ്റ് സഹായങ്ങളും MedError.ca ഒരുക്കുന്നുണ്ട്.
മുതിർന്ന കനേഡിയൻ പൌരന്മാരിൽ ഇരുപതിലൊരാൾക്കെങ്കിലും എല്ലാ വർഷവും രോഗനിർണയത്തിലെ പിഴവ് അനുഭവപ്പെടുന്നുണ്ട്. ഈ പിഴവുകൾ ഗുരുതരമായി മരണം പോലും വരുത്തിവെച്ചേക്കാം. 2016-ൽ മരുന്നിലെ പിഴവ് കാരണം മരിച്ചുപോയ എട്ട് വയസ്സുകാരൻ മകൻ്റെ അമ്മയായ മെലിസ ഷെൽഡ്രിക്കിൻ്റെ കഥയാണ് ഈ വെബ്‌സൈറ്റിൻ്റെ തുടക്കത്തിന് പ്രചോദനമായത്. ഇത്തരമൊരു ദുരന്തം മറ്റ് കുടുംബങ്ങൾക്ക് വരില്ലെന്ന് ഉറപ്പാക്കാൻ ഷെൽഡ്രിക്ക് ഇപ്പോൾ ISMP കാനഡയുമായി ചേർന്ന് പ്രവർത്തിക്കുകയാണ്.






