പ്രശസ്ത മോഡലും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറുമായ സാന്‍ റേച്ചല്‍ (26) പുതുച്ചേരിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. അടുത്തിടെ വിവാഹിതയായ സാന്‍ റേച്ചല്‍, ചലച്ചിത്ര-വിനോദ മേഖലയിലെ വര്‍ണ്ണവിവേചനത്തിനെതിരായ ധീരമായ നിലപാടുകളിലൂടെയാണ് ശ്രദ്ധേയയായത്. ഞായറാഴ്ചയാണ് സാന്‍ റേച്ചലിനെ അവശനിലയില്‍ കണ്ടെത്തിയത്. അമിതമായ അളവില്‍ ഗുളികകള്‍ കഴിച്ചായിരുന്നു ആത്മഹത്യാശ്രമം. ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സാമ്പത്തിക ബുദ്ധിമുട്ടുകളും സമ്മര്‍ദ്ദവുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. പ്രൊഫഷണല്‍ ആവശ്യങ്ങള്‍ക്കായി കഴിഞ്ഞ മാസങ്ങളില്‍ സാന്‍ ആഭരണങ്ങള്‍ പണയം വെച്ചിരുന്നതായി സൂചനയുണ്ട്. പിതാവില്‍ നിന്ന് സാമ്പത്തിക സഹായം പ്രതീക്ഷിച്ചിരുന്നെങ്കിലും അദ്ദേഹത്തിന് സഹായിക്കാന്‍ കഴിഞ്ഞില്ലെന്നും പോലീസ് പറയുന്നു. കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പില്‍ തന്റെ മരണത്തിന് ആരും ഉത്തരവാദികളല്ലെന്ന് സാന്‍ എഴുതിയിട്ടുണ്ട്.
2021-ല്‍ മിസ് പുതുച്ചേരി കിരീടം നേടിയ സാന്‍ റേച്ചല്‍, മിസ് ബെസ്റ്റ് ആറ്റിറ്റിയൂഡ് 2019, മിസ് ഡാര്‍ക്ക് ക്വീന്‍ തമിഴ്‌നാട് 2019, ക്വീന്‍ ഓഫ് മദ്രാസ് 2022, 2023 എന്നീ പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്. ഫാഷന്‍ വ്യവസായത്തിലെ വര്‍ണ്ണവിവേചനത്തിനെതിരെയും സ്ത്രീകളുടെ സുരക്ഷയ്ക്ക് വേണ്ടിയും അവര്‍ ശക്തമായി നിലകൊണ്ടിരുന്നു. സംഭവത്തില്‍ പുതുച്ചേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.