ഫേസ്ബുക്ക് ഫീഡുകള്‍ കൂടുതല്‍ സത്യസന്ധവും പേജുകള്‍ കൂടുതല്‍ പ്രാധാന്യമുള്ളതാക്കാനുളള ശ്രമത്തിലാണ് മെറ്റ. ഉള്ളടക്ക കോപ്പിയടി, സ്പാമിങ് എന്നിവ തടയുന്നതിന്റെ ഭാഗമായി ഒരു കോടിയിലധികം ഫേസ്ബുക്ക് അക്കൗണ്ടുകള്‍ നീക്കം ചെയ്തതായി മെറ്റ അറിയിച്ചു. ഒറിജിനല്‍ കണ്ടന്റുകള്‍ പ്രോത്സാഹിപ്പിക്കാനും, കോപ്പിയടിച്ചവ കണ്ടെത്താനും പുതിയ സംവിധാനങ്ങള്‍ വികസിപ്പിച്ചതായും കമ്പനി വ്യക്തമാക്കി. ഇനിമുതല്‍ കണ്ടന്റുകളെല്ലാം സ്വന്തമായിരിക്കണം, ഒറിജിനലുകള്‍ക്ക് മാത്രമേ കൂടുതല്‍ വിസിബിലിറ്റി ലഭിക്കുകയുള്ളൂ എന്നും മെറ്റ നിര്‍ദ്ദേശിക്കുന്നു. ശരിയായ തലക്കെട്ടുകളും, ഹാഷ്ടാഗുകളും നല്‍കാനും, തേര്‍ഡ് പാര്‍ട്ടി ആപ്പുകളുടെ വാട്ടര്‍മാര്‍ക്ക് ഒഴിവാക്കാനും മെറ്റ ക്രിയേറ്റര്‍മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
മറ്റ് ക്രിയേറ്റര്‍മാരുടെ കണ്ടന്റുകള്‍ കോപ്പിയടിക്കുകയോ, ക്രെഡിറ്റ് നല്‍കാതെ പോസ്റ്റ് ചെയ്യുകയോ ചെയ്താല്‍ അക്കൗണ്ടുകള്‍ പൂട്ടിക്കുമെന്ന് മെറ്റ മുന്നറിയിപ്പ് നല്‍കി. മറ്റുള്ളവരുടെ അക്കൗണ്ടുകളിലെ ഉള്ളടക്കങ്ങള്‍ ഷെയര്‍ ചെയ്യുകയോ അതില്‍ അഭിപ്രായം രേഖപ്പെടുത്തുകയോ ആകാം. എന്നാല്‍, അവരുടെ കണ്ടന്റുകള്‍ അനുമതിയോ കടപ്പാടോ ഇല്ലാതെ ഫീഡില്‍ നേരിട്ട് പോസ്റ്റ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് ബ്ലോഗ്‌പോസ്റ്റിലൂടെ മെറ്റ വ്യക്തമാക്കി.