600 വര്‍ഷങ്ങള്‍ക്ക് ശേഷം റഷ്യയില്‍ അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചു. റഷ്യയിലെ കാംചത്കയിലെ ക്രാഷെനിന്നിക്കോവ് അഗ്‌നിപര്‍വതമാണ് ഒറ്റ രാത്രികൊണ്ട് പൊട്ടിത്തെറിച്ചത്.കഴിഞ്ഞയാഴ്ച 8.8 തീവ്രത രേഖപ്പെടുത്തിയ റഷ്യയുടെ കിഴക്കന്‍ മേഖലയില്‍ ഉണ്ടായ ഭൂകമ്പമാകാം അഗ്‌നിപര്‍വത സ്‌ഫോടനത്തിനു കാരണമെന്നാണ് വിലയിരുത്തല്‍. അഗ്‌നിപര്‍വ്വത സ്‌ഫോടനത്തിനു പിന്നാലെ മേഖലയിലെ വ്യോമഗതാഗത്തിന് ‘ഓറഞ്ച് ഏവിയേഷന്‍ കോഡ്’ നല്‍കിയിട്ടുണ്ട്. വിമാനങ്ങള്‍ക്ക് ഉയര്‍ന്ന അപകടസാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പിലൂടെ സൂചിപ്പിക്കുന്നത്.
ക്രാഷെനിന്നിക്കോവ് അഗ്‌നിപര്‍വ്വതം ഒറ്റരാത്രികൊണ്ട് പൊട്ടിത്തെറിച്ചുവെന്നാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അഗ്‌നിപര്‍വതത്തില്‍ നിന്ന് അവസാനമായി ലാവാ പ്രവാഹം ഉണ്ടായത് 1463ല്‍ ആണെന്നാണ് സൂചന. അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചതിനെത്തുടര്‍ന്ന് 6,000 മീറ്റര്‍ ഉയരത്തില്‍ വരെ ചാരമേഘം എത്തിയതായി അധികൃതര്‍ അറിയിച്ചു. 1,856 മീറ്ററാണ് അഗ്‌നിപര്‍വതത്തിന്റെ ഉയരം. ചാര മേഘം കിഴക്ക് ദിശയില്‍ ശാന്തസമുദ്രത്തിലേക്കു നീങ്ങുന്നതിനാല്‍ ജനജീവിതത്തെ ബാധിക്കില്ലെന്നാണ് റിപ്പോര്‍ട്ട്.