കാനഡ റവന്യൂ ഏജൻസിയിലെ (CRA) നൂറുകണക്കിന് ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. വിവിധ വകുപ്പുകളിലായി നാനൂറ്റി അമ്പതിലധികം ജീവനക്കാർക്ക് ഔദ്യോഗിക മുന്നറിയിപ്പ് ഈ ആഴ്ച ലഭിച്ചു. പിഎസ്എസി (PSAC) അംഗങ്ങളായ 284 പേർക്കും പിഐപിഎസ്സി (PIPSC) അംഗങ്ങളായ 195 പേർക്കും ഉൾപ്പെടെയാണ് പിരിച്ചുവിടൽ നോട്ടീസ് നൽകിയത്.
ഡിജിറ്റൽ സർവീസ് ടാക്സ്, ഫെഡറൽ ഫ്യൂവൽ ചാർജ്, കാനഡ കാർബൺ റിബേറ്റ്, ലക്ഷ്വറി ടാക്സ് തുടങ്ങിയ പ്രധാന നികുതി പദ്ധതികൾ നിർത്തലാക്കാനുള്ള ഫെഡറൽ സർക്കാർ തീരുമാനമാണ് ഈ പിരിച്ചുവിടലുകളിലേക്ക് നയിക്കുന്നത്. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഭരണനിർവഹണ ചിലവിൽ 1.2 ബില്യൺ ഡോളറിന്റെ കുറവ് വരുത്താനാണ് ഏജൻസി ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ഒട്ടാവയിലെ ഓഫീസ് ആസ്ഥാനത്തും വിവിധ പ്രാദേശിക ഓഫീസുകളിലുമുള്ള ജീവനക്കാർക്ക് നോട്ടീസ് നൽകിക്കഴിഞ്ഞു.







