സാമ്പത്തിക മേഖലയെ ശക്തിപ്പെടുത്തുന്നതിനുള്ള പ്രധാന പദ്ധതികളില്‍ മെറ്റിസ് പ്രതിനിധികളെയും ഉള്‍പ്പെടുത്തുമെന്ന് ഉറപ്പുനല്‍കി പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി. യുഎസ്സുമായുള്ള വ്യാപാര തര്‍ക്കങ്ങള്‍ക്കിടയില്‍ കാനഡയുടെ സമ്പദ്വ്യവസ്ഥയെ കൂടുതല്‍ ശക്തമാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഫെഡറല്‍ സര്‍ക്കാരിന്റെ സുപ്രധാന പദ്ധതികള്‍ക്കുള്ള നിയമ നിര്‍മാണം ചര്‍ച്ച ചെയ്യാന്‍ മെറ്റിസ് നേതാക്കളുമായി നടന്ന കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു കാര്‍ണി.
മെറ്റിസ് നേഷന്‍ ഓഫ് ഒന്റാരിയോ പ്രസിഡന്റ് മാര്‍ഗരറ്റ് ഫ്രോഹ്, മെറ്റിസ് നേഷന്‍ ഓഫ് ആല്‍ബര്‍ട്ട പ്രസിഡന്റ് ആന്‍ഡ്രിയ സാന്‍ഡ്മെയര്‍ എന്നിവര്‍ കൂടിക്കാഴ്ചയെ സ്വാഗതം ചെയ്തു. കാനഡയുടെ പുരോഗതിക്കായി മെറ്റിസ് ജനതയും സര്‍ക്കാരും ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും അവര്‍ വ്യക്തമാക്കി. മെറ്റിസ് നേതാക്കളുമായി കൂടുതല്‍ ചര്‍ച്ചകള്‍ നടത്തുമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം തദ്ദേശീയ സേവന മന്ത്രി മാണ്ടി ഗള്‍-മാസ്റ്റി ഉറപ്പുനല്‍കി.
അതേസമയം, ചില മെറ്റിസ് ഗ്രൂപ്പുകള്‍ യോഗത്തില്‍ നിന്ന് വിട്ടുനിന്നു. മെറ്റിസ് നേഷന്‍ ഓഫ് ഒന്റാരിയോയെ ക്ഷണിച്ചതില്‍ മാനിറ്റോബ മെറ്റിസ് ഫെഡറേഷന്‍ അതൃപ്തി രേഖപ്പെടുത്തി.