ഒന്റാരിയോ: ടൊറൻ്റോയിൽ യുവാക്കളുടെ തൊഴിലില്ലായ്മയുമായി ബന്ധപ്പെട്ട പ്രതിസന്ധി രൂക്ഷമാവുന്നതായി റിപ്പോർട്ട്. ടൊറൻ്റോ യൂത്ത് എംപ്ലോയ്‌മെൻ്റ് പോസ്റ്റ്കാർഡ് റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച വിവരങ്ങളുള്ളത്. ഏഴായിരത്തോളം യുവാക്കളിൽ നിന്ന് ശേഖരിച്ച വിവരങ്ങൾ ക്രോഡീകരിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയിട്ടുള്ളത്. യുവാക്കൾക്ക് ജോലി ചെയ്യാൻ ആഗ്രഹമുണ്ടെങ്കിലും പലർക്കും ജോലി കണ്ടെത്താൻ ഉൾപ്പെടെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതായി റിപ്പോർട്ടിൽ പറയുന്നു.
ആനുകൂല്യങ്ങളോ മറ്റ് സൗജന്യ സേവനങ്ങളോ അവർ ആഗ്രഹിക്കുന്നില്ല. പകരം ന്യായമായ ഒരു തൊഴിൽ പ്രവേശനമാണ് ഇവർ ആഗ്രഹിക്കുന്നത് എന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ദി നെയ്‌ബർഹുഡ് ഗ്രൂപ്പ് കമ്മ്യൂണിറ്റി സർവീസസും ടൊറൻ്റോ യൂത്ത് കാബിനറ്റും മറ്റ് കമ്മ്യൂണിറ്റി ഗ്രൂപ്പുകളും ചേർന്നാണ് ടൊറൻ്റോ യൂത്ത് എംപ്ലോയ്‌മെൻ്റ് പോസ്റ്റ്കാർഡ് റിപ്പോർട്ട, വികസിപ്പിച്ചെടുത്തത്. വ്യാഴാഴ്ച സിറ്റി ഹാളിൽ നടന്ന ചടങ്ങിലാണ് ഇത് പുറത്തിറക്കിയത്.
യുവാക്കൾക്ക് അർത്ഥവത്തായതും ലാഭകരവുമായ തൊഴിലവസരങ്ങൾ വികസിപ്പിക്കേണ്ടതിന്റെ അടിയന്തിര ആവശ്യകത റിപ്പോർട്ടിൽ വിശദീകരിക്കുന്നുണ്ട്. സർക്കാർ തലങ്ങളിൽ യുവാക്കൾക്ക് മാത്രമായുള്ള തൊഴിലുകളിൽ വലിയ കുറവുണ്ടായതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. തൊഴിലില്ലായ്മ യുവാക്കൾക്കിടയിൽ അക്രമം വർദ്ധിക്കാൻ കാരണമാകുന്നുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്.